X

കളിക്കളമല്ല നിയമസഭഎന്ന ഓര്‍മ വേണം- എഡിറ്റോറിയല്‍

ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമങ്ങളുടെ പരീക്ഷണ ശാലയായിരുന്നു കേരളം. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ കേരളത്തില്‍ നിയമനിര്‍മാണ സഭയടക്കമുള്ള സംവിധാനങ്ങള്‍ നിലനിന്നിരുന്നു. കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന തിരുവിതാംകൂര്‍ മഹാരാജാവിന്റെ പരീക്ഷണങ്ങളാണ് കേരള നിയമസഭയുടെ പിറവിക്കു വഴിമരുന്നിട്ടത്. നിയമനിര്‍മാണമാണ് നിയമസഭാംഗങ്ങളുടെ പ്രധാന ചുമതല.

സാങ്കേതികാര്‍ത്ഥത്തില്‍ നിയമ സഭക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം നിയമനിര്‍മാണവുമായി ബന്ധപ്പെട്ടതാണ്. ജന പ്രതിനിധി സഭ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ പൊതുകാര്യങ്ങളും ഇവിടെ ചര്‍ച്ചാവിഷയമാകുന്നു. എന്നാല്‍ അടുത്തിടെ കാര്യങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് പറഞ്ഞാല്‍ കുറ്റപ്പെടുത്താനാകില്ല. കളിക്കളങ്ങളുടെ പ്രതീതി ജനിപ്പിക്കുന്ന വെല്ലുവിളികളും വീമ്പുപറച്ചിലും പോര്‍വിളികളുമൊക്കെയാണ് ഭരണകക്ഷി അംഗങ്ങളില്‍ നിന്നുണ്ടാകുന്നത്. ഭരണകക്ഷി അംഗങ്ങള്‍തന്നെ സഭ മുടക്കുന്ന കാഴ്ചയും ഇന്നലെ കാണാനായി. സ്പീക്കര്‍ എ.എന്‍ ഷംസീറിന് ഭരണകക്ഷി അംഗങ്ങളെ ശകാരിക്കേണ്ടിവന്നതിലേക്കുവരെ കാര്യങ്ങളെത്തി. ഇപ്പോഴത്തെ ഭരണകക്ഷി അംഗങ്ങള്‍ പ്രതിപക്ഷമായിരുന്നപ്പോള്‍ സഭ തന്നെ തല്ലിപ്പൊളിക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. അതിനാല്‍ അവരില്‍നിന്ന് മാന്യത കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.

ലൈഫ് മിഷന്‍ പദ്ധതിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടക്കവേയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സഭ തടസ്സപ്പെടുത്തുന്ന നടപടിയുണ്ടായത്. പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ മാത്യു കുഴല്‍നാടനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആക്രമിക്കുന്നതാണ് സഭയില്‍ കണ്ടത്. അടിയന്തര പ്രമേയ നോട്ടീസില്‍ പതിവില്ലാത്ത തരത്തില്‍ മുഖ്യമന്ത്രി സഭയില്‍ എഴുന്നേറ്റ് മൂന്നുതവണയാണ് വെല്ലുവിളിച്ചത്. മുഖ്യമന്ത്രിയുടെ പാത പിന്തുടര്‍ന്ന് മറ്റു മന്ത്രിമാരും രംഗത്തെത്തി. ഇതേതുടര്‍ന്ന് രൂപപ്പെട്ട ബഹളത്തെതുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയായിരുന്നു.

‘മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികളെന്നും ഇതിന്റെ നാള്‍വഴികള്‍ ഇഴകീറി പരിശോധിച്ചാല്‍ ബന്ധം വ്യക്തമാകും. ശിവശങ്കറിന് സ്വപ്‌ന സുരേഷ് അയച്ച വാട്‌സ് ആപ് ചാറ്റ് പുറത്തുവന്നിട്ടുണ്ടെന്നും, യു.എ.ഇ കോണ്‍സുലേറ്റിന് റെഡ് ക്രസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റില്‍ പറയുന്നത്. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കര്‍ സ്വപ്‌നയോട് പറയുന്നത്. തെറ്റാണെങ്കില്‍ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണം.

2019 ജൂലൈയിലെ ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കോണ്‍സുലേറ്റ് ജനറലും ശിവശങ്കറും സ്വപ്‌നയും മുഖ്യമന്ത്രിയുമായി ക്ലിഫ്ഹൗസില്‍ ചര്‍ച്ച നടത്തിയെന്ന് പറയുന്നുണ്ട്’ ഇക്കാര്യം മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കിയതാണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്. പ്രതിപക്ഷ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി തിരിഞ്ഞത് തൊട്ട് മുമ്പത്തെ ദിവസമാണ്. യുവജന സംഘടനാ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും കരുതല്‍ തടങ്കലിലാക്കുകയും ചെയ്തത് ചോദ്യംചെയ്ത് അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ വീമ്പുപറച്ചില്‍. പഴയ വിജയനാണെങ്കില്‍ താന്‍ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഹങ്കാരത്തോടെയുള്ള വെല്ലുവിളി.

അന്വേഷണ ഏജന്‍സികള്‍ക്കുമുന്നില്‍ എന്തെല്ലാമോ ഒളിപ്പിക്കാനുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഈ വെപ്രാളം കണ്ടാല്‍ തോന്നുക. നേരായ വഴിയിലാണെങ്കില്‍ അന്വേഷണത്തെ ഭയക്കേണ്ട യാതൊരാവശ്യവുമില്ല. മുഖ്യമന്ത്രി ഇങ്ങനെ വികാരം കൊള്ളേണ്ടതുമില്ല. ലൈഫ് മിഷന്‍ അഴിമതിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കോ അതുമായി ബന്ധപ്പെട്ടവര്‍ക്കോ പങ്കില്ലെന്നും കാരറുകാര്‍ക്ക് മാത്രമാണ് പങ്കെന്നുമായിരുന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സി തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ പ്രതി ചേര്‍ത്തതോടെ ഈ വാദത്തിന്റെ മുനയൊടിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ സര്‍ക്കാര്‍ പരുങ്ങലിലായി. എന്നാല്‍ ഇ.ഡിക്ക് കടന്നുവരാന്‍ കഴിയാത്ത സ്ഥലമായ നിയമസഭാമന്ദിരത്തില്‍ രവീന്ദ്രന് സുരക്ഷിത താവളമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

രവീന്ദ്രനെ ചോദ്യംചെയ്താല്‍ കുരുക്കുമുറുകുന്നതു തനിക്കാണെന്ന് ഉത്തമബോധ്യമുള്ളതിനാലാണ് മുഖ്യമന്ത്രിയുടെ വെപ്രാളമത്രയും. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് അസാധാരണമായ സംഭവമാണ്. ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാരായി വന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അഴിമതിയുടെ സംശയനിഴലിലാണ്. ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പക്ഷേ അത് തടസപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയടക്കം ഭരണകക്ഷി കാട്ടിക്കൂട്ടിയത്. പ്രതിപക്ഷത്തിന് പറയാനുള്ളത് കേള്‍ക്കാനും സഹിഷ്ണുത കാണിക്കാനും ഭരണകക്ഷിക്കാര്‍ തയാറാവണം. വമ്പത്തരങ്ങള്‍ പറഞ്ഞും ഭീഷണിപ്പെടുത്തിയും എപ്പോഴും ഒളിച്ചോടാന്‍ കഴിയുമെന്ന് കരുതേണ്ട.

 

webdesk13: