X
    Categories: indiaNews

അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല’; ഐടി മന്ത്രി ലോക്‌സഭയില്‍, പറഞ്ഞുതീരും മുന്‍പ് ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ മന്ത്രിയുടെ പേരും

ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഫോണും ചോര്‍ത്തി. ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടില്ലെന്ന് ലോക്‌സഭയില്‍ പ്രസംഗിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മന്ത്രിയുടെ ഫോണും ചോര്‍ന്നതായി വിവരം പുറത്തുവന്നിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദം പ്രതിപക്ഷം ലോക്‌സഭയില്‍ ഉയര്‍ത്തിയപ്പോഴായിരുന്നു മാധ്യമസൃഷ്ടിയാണെന്ന് മന്ത്രി പറഞ്ഞത്.

‘കഴിഞ്ഞരാത്രി ഒരു വെബ് പോര്‍ട്ടലാണ് ഈ സെന്‍സേഷണല്‍ വിഷയം പുറത്തുവിട്ടത്. ഇതിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് ഒരുദിവസം മുന്‍പാണ് വാര്‍ത്ത പുറത്തുവന്നത്. ഇത് യാദൃശ്ചികമല്ല’ എന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്.

എന്നാല്‍ ഇസ്രയേല്‍ ചാര സോഫ്റ്റുവെയര്‍ ആയ പെഗാസസ് ചോര്‍ത്തിയ കൂടുതല്‍ പേരുടെ ഫോണ്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ കേന്ദ്ര ഐടി മന്ത്രിയുടെ പേരും പട്ടികയിലുണ്ട്.

വിശദമായ പഠനത്തിന് വിധേയമാക്കാതെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയോയെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ല എന്നും മന്ത്രി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടേത് അടക്കം ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ രണ്ടു ഫോണുകളാണ് ചോര്‍ത്തലിന് വിധേയമായതെന്ന് വാര്‍ത്താ പോര്‍ട്ടലായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഹുല്‍ ഗാന്ധിക്ക് പുറമേ അദ്ദേഹത്തിന്റെ അഞ്ചു സുഹൃത്തുക്കളുടെ ഫോണുകളും ചോര്‍ത്തലിന് വിധേയമായിട്ടുണ്ട്. രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരാണ് ഈ അഞ്ചുപേര്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി, പ്രശാന്ത് കിഷോര്‍, കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേല്‍, മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടി എന്നിവരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് പുതുതായി ലഭിക്കുന്ന വിവരം.

 

Test User: