ഹൃദയം നുറുങ്ങിപ്പോകുന്ന സംഭവം ആലുവയില്‍ ഉണ്ടായിട്ട് മാസങ്ങള്‍ മാത്രമെ ആയിട്ടുള്ളൂ. വീണ്ടും നാടിനെ നടുക്കിക്കൊണ്ട് പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടി വീണ്ടും അപമാനിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരമായി ആവര്‍ത്തിക്കപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതല്‍ അക്രമത്തിന് ഇരയാകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഇതിനെ ഭരണകൂടമോ പൊലീസോ നോക്കിക്കാണുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. കരച്ചില്‍ കേട്ട് അയല്‍വാസികളെ സംഘടിപ്പിച്ച് തെരച്ചില്‍ നടത്തി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച സുകുമാരന്‍ ചേട്ടനെ അഭിനന്ദിക്കുന്നു. തെരച്ചില്‍ നടത്തിയതു കൊണ്ടാണ് കുട്ടിയുടെ ജീവനെങ്കിലും രക്ഷിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു.
ആലുവയിലെ ആദ്യ സംഭവത്തിന് ശേഷം എന്തെങ്കിലും കരുതല്‍ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ടോ? പട്രോളിങിനെ കുറിച്ച് ചോദിക്കുമ്പോള്‍ ആവശ്യമായ ഫോഴ്സ് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ മുഖ്യമന്ത്രി താമസിച്ച ആലുവ പാലസ് വന്‍പൊലീസ് സുരക്ഷയിലായിരുന്നു. മുഖ്യമന്ത്രി താമസിച്ചിരുന്ന ആലുവ പാലസില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ദാരുണ സംഭവം ഉണ്ടായെന്നത് എല്ലാവരെയും ലജ്ജിപ്പിക്കുന്നതാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ സ്ഥിരമായി ആവര്‍ത്തിക്കുകയാണ്. സംസ്ഥാനത്ത് വ്യാപകമായി ഇത്തരം അക്രമങ്ങള്‍ വര്‍ധിക്കുകയും പൊലീസ് നിര്‍വീര്യമാക്കപ്പെടുകയും ചെയ്തിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
2016-ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പെരുമ്പാവൂരിലെ സംഭവത്തിന്റെ പേരില്‍ എത്രമാത്രം ബഹളമുണ്ടാക്കിയവരാണ് സി.പി.എമ്മും എല്‍.ഡി.എഫും. ഇപ്പോള്‍ നിരന്തരമായി ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഇവരുടെയെല്ലാം നാവ് എവിടെ പണയപ്പെടുത്തിയിരിക്കുകയാണ്? ആലുവയില്‍ ഉണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിപക്ഷത്തിന് ഗൗരവതരമായ നിലപാടെടുക്കേണ്ടി വരും. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ പരാജയം സമ്മതിച്ച് പിന്‍മാറാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. പൊലീസ് അനാസ്ഥയ്ക്കും ഇരട്ടനീതിക്കും എതിരായ യു.ഡി.എഫ് സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.