കാപ്പാട്: കേരളത്തിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മയക്കുമരുന്നിന് ഇരകളായവരില്‍ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണെന്നാണ് കണ്ടെത്തല്‍. ലഹരിക്ക് അടിമപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും പെ ണ്‍കുട്ടികളാണെന്നും റിപ്പോ ര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് റാക്കറ്റുകളില്‍പെടുന്ന ഇവരെ കാരിയറുകളായും ലഹരിമരുന്ന് മാഫിയ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ കോളജുകളിലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികളെ വീഴ്ത്താനായി ലഹരി മരുന്ന് മാഫിയയ്ക്കായി സ്ത്രീകളും പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച ശേഷം അവരെ ലഹരി ഉപയോഗിക്കാനായി പ്രേരിപ്പിക്കുകയാണ് ഇവരുടെ ജോലി. സ്‌കൂളുകളുടെ പരിസരം ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകളിലും മറ്റുമായി 18,301 ഇടങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു.
401 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തു. 462 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു കൂടാതെ 20.97 കിലോ കഞ്ചാവും 186.38 ഗ്രാം എംഡിഎംഎയും 1122.1 ഗ്രാം ഹാഷിഷും പൊലീസ് കണ്ടെത്തി. സ്‌കൂള്‍ കുട്ടികളിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന എല്ലാ കാരിയേഴ്‌സിനെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗം തടയാനായി സ്‌കൂള്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളുകളിലെത്തിയ കൗണ്‍സിലിംഗ് സംഘത്തില്‍ നിന്നും ലഭിച്ച വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. സ്‌കൂള്‍ കുട്ടികളില്‍ പലരും ലഹരി മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നും കൗണ്‍സിലിംഗ് സംഘം പൊലീസിനെ അറിയിച്ചു.
കൗണ്‍സിലിംഗില്‍ ലഹരി മരുന്ന് എവിടെ നിന്നാണ് കിട്ടിയത് എന്ന ചോദ്യത്തിന് കുട്ടികള്‍ ഉത്തരം നല്‍കിയില്ലെന്ന് കൗണ്‍സിലിങിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. 2022ല്‍ കേരള പൊലീസ് ലഹരിമരുന്നുമായി ബന്ധപ്പെട്ട് 25,240 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 29,514 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2021ല്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട് 5334 കേസുകളും 6704 പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു.