കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരമേറ്റെടുത്ത ശേഷം 200ലേറെ മുന്‍ സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യു.എന്‍ റിപ്പോര്‍ട്ട്. 2021 ആഗസ്തിലെ അമേരിക്കന്‍ സേനാ പിന്മാറ്റത്തെ തുടര്‍ന്ന് ഭരണമേറ്റെടുത്ത താലിബാന്‍ നേതൃത്വം, വിദേശ അധിനിവേശ ശക്തികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തിരുന്ന സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭരണം കൈയില്‍ കിട്ടിയതോടെ താലിബാന്‍ പ്രതികാര നടപടികള്‍ ആരംഭിച്ചതായി അഫ്ഗാനിസ്താനിലെ യു.എന്‍ അസിസ്റ്റന്‍സ് മിഷന്‍ പുറത്തുവിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃത അറസ്റ്റ്, തട്ടിക്കൊണ്ടുപോകല്‍, കസ്റ്റഡി പീഡനം തുടങ്ങി എണ്ണൂറോളം മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
താലിബാന്‍ അധികാരമേറ്റെടുത്തതു മുതല്‍ മുന്‍ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സ്ഥിതി കൂടുതല്‍ ദയനീയമാണ്. ദുരൂഹ മരണങ്ങള്‍ വര്‍ദ്ധിച്ചു. എന്നാല്‍ യു.എന്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ താലിബാന്‍ ഭരണകൂടം തള്ളി. യു.എന്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീം പറഞ്ഞു. കാണാതായവര്‍ കൊല്ലപ്പെട്ടതായി യു.എന്‍ ഉദ്യോഗസ്ഥര്‍ക്ക് എന്താണ് ഉറപ്പുള്ളതെന്ന് അദ്ദേഹം ചോദിച്ചു.