ഒമ്പത് പ്രാദേശിക പാര്‍ട്ടികള്‍ കൂടി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 3 പാര്‍ട്ടികള്‍ അസമില്‍ നിന്നാണെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. അസം ജാതീയ പരിഷത്, റയ്‌ജോര്‍ ദള്‍, ആഞ്ചലിക് ഗണ മോര്‍ച്ച എന്നീ പാര്‍ട്ടികളാണ് ഇന്ത്യ മുന്നണിയുമായി ചര്‍ച്ച നടത്തുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായ ഏതാനും പാര്‍ട്ടികളും കൂടി ഇന്ത്യ മുന്നണിയിലെത്തുമെന്ന് ശിവസേന ഉദ്ദവ് വിഭാഗം എം.പിയായ അനില്‍ ദേശായി പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗം മുംബൈയില്‍ ആരംഭിക്കാനിരിക്കെയാണ് കൂടുതല്‍ പാര്‍ട്ടികള്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുന്നത്. സഖ്യത്തിന്റെ കണ്‍വീനര്‍, ലോഗോ, ഏകോപന സമിതി അടക്കം വിവിധ സമിതികള്‍, തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാവും.
മുബൈയിലെ ആഡംബര ഹോട്ടലാല ഗ്രാന്‍ഡ് ഹയാത്തിലാണ് യോഗം. എന്‍.സി.പി, ശിവസേന ഉദ്ദവ് പക്ഷം, മഹാരാഷ്ട്ര കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് യോഗത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഇന്ന് പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം നേതാക്കള്‍ ഉദ്ദവ് താക്കറെയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 11ന് യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ലോഗോ പ്രകാശനം ചെയ്യും. ഉച്ചക്ക് രണ്ടുവരെയാണ് യോഗം.