X

രാഹുല്‍ ഗാന്ധി; വിമര്‍ശനത്തിന് ബി.ജെ.പിക്ക് കനത്ത മറുപടി

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയിലെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച ബി.ജെ.പിക്ക് തകര്‍പ്പന്‍ മറുപടിയുമായി കോണ്‍ഗ്രസ്. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്ന പ്രസംഗമായിരുന്നു രാഹുലിന്റേതെന്നും വിദേശത്ത് ഇന്ത്യയെ അപമാനിച്ചത് മോദിയാണെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.

‘സ്വാതന്ത്ര്യം നേടിയതു മുതല്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചാണ് രാഹുല്‍ സംസാരിച്ചത്. ഇത് ഇന്ത്യയെ കുറിച്ചുള്ള ആദരവ് വര്‍ധിപ്പിക്കാന്‍ സഹായിച്ചു. ആരെങ്കിലും വിദേശത്ത് ഇന്ത്യയെ അപമാനിച്ചിട്ടുണ്ടെങ്കില്‍ അത് പ്രധാനമന്ത്രി മോദിയാണ്. എനിക്കു മുമ്പ് ഇന്ത്യ അഴിമതി നിറഞ്ഞതായിരുന്നു എന്നു വിദേശത്തു വെച്ച് നടത്തിയ ആദ്യ പ്രസംഗത്തില്‍ പറഞ്ഞത് മോദിയല്ലേ ?. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ കുറിച്ചും ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുമാണ് രാഹുല്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ യാഥാര്‍ഥ്യമാണ്. ലോകത്തിന് ഇതേക്കുറിച്ച് അറിയാം. ഇത് ഒളിപ്പിച്ചു വെക്കാനാകില്ല’- ആനന്ദ് ശര്‍മ പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു. കുടുംബപാരമ്പര്യം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാനാവില്ലെന്നും അവര്‍ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ നയിക്കാന്‍ തയാറാണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്കു പിന്നാലെയായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. വിദേശമണ്ണില്‍ പോയി സ്വന്തം രാജ്യത്തെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച രാഹുലിന്റെ നടപടി ശരിയായില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

chandrika: