തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ ഡിജിപി ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. അജിത് കുമാര്‍ സ്ഥാനത്തുതുടരുമോയെന്ന കാര്യത്തില്‍ നാളെ അന്തിമതീരുമാനം ഉണ്ടായേക്കും. അതിനിടെ എകെജി സെന്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ സമ്മേളനത്തിന് മുന്‍പായി അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യം സിപിഐ ആവശ്യപ്പെട്ടിരുന്നു. മറ്റന്നാള്‍ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.
ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ ഡിജിപി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഇരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.
പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം രൂപീകരിച്ചിരുന്നു. അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാനതീയതി നാളെയാണ്. ഷെയ്ക് ദര്‍വേഷ് സാഹിബ്, ജി.സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരാണ് അന്വേഷണം നടത്തിയത്.
മറ്റന്നാള്‍ നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് എഡിജിപിയെ മാറ്റണമെന്നതായിരുന്നു സിപിഐയുടെ നേരത്തെയുള്ള നിലപാട്. നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്. അന്ത്യശാസനമെന്ന നിലയിലാണിപ്പോള്‍ എഡിജിപിയെ മാറ്റാതെ പറ്റില്ലെന്ന നിലപാട് വീണ്ടും സിപിഐ ആവര്‍ത്തിച്ചത്.