X

സോഷ്യല്‍ മീഡിയയില്‍ അലക്കുന്നതിന് സാഹചര്യമുണ്ടാക്കുന്നത് ഗുണകരമല്ല’; പി.ജയരാജന്റെ മകനെതിരെ ഡി.വൈ.എഫ്.ഐക്ക് പിന്നാലെ സി.പി.എമ്മും

സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിക്ക് പിന്നാലെ സി.പി.എമ്മും രംഗത്ത്. സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ കിരണ്‍ കരുണാകരനെതിരായ ആരോപണത്തെ തുടര്‍ന്നാണ് ആദ്യം ഡി.വൈ.എഫ്.ഐ. ബ്ലോക്ക്, ജില്ലാ കമ്മിറ്റികളും പിന്നാലെ പാര്‍ട്ടിയും രംഗത്തെത്തിയത്.

കിരണിനെതിരായ പോസ്റ്റുകള്‍ അനവസരത്തിലും പ്രസ്ഥാനത്തിന് അപകീര്‍ത്തികരവുമാണെന്ന് സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ജെയിന്‍ രാജിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം.

സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിക്കാന്‍ പാടില്ല. കിരണിന്റെ ഫെയ്‌സ്ബുക്ക് കമന്റില്‍ ഒരു വര്‍ഷം മുമ്പേ വന്നു ചേര്‍ന്ന തെറ്റായ പരാമര്‍ശം അപ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെടുകയും തെറ്റ് തിരുത്തുകയും ചെയ്യ്തിട്ടുണ്ട്. എന്നാല്‍, ഇത് വീണ്ടും കുത്തി പൊക്കിയത് ശരിയായ പ്രവണതയല്ല.

വ്യക്തിപരമായ പോരായ്മകള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രസ്ഥാനത്തെ താറടിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് തികച്ചും അപലപനീയമാണ്. സോഷ്യന്‍ മീഡിയ ഗ്രൂപ്പുകളില്‍ ‘അലക്കുന്നതിനായി’ സന്ദര്‍ഭങ്ങളും, സാഹചര്യങ്ങളും പരാമര്‍ശങ്ങളും സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

കിരണിനെതിരേ മോശം ഭാഷയില്‍ കഴിഞ്ഞദിവസം ജെയിന്‍ രാജിന്റെ കമന്റുണ്ടായിരുന്നു. പിന്നീട് അര്‍ജുന്‍ ആയങ്കിയുടെ വിവാഹത്തിന്റെ ഫോട്ടോ പങ്കുവെച്ച് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ള ഒരാള്‍ക്കൊപ്പമാണ് കിരണ്‍ ഇതില്‍ പങ്കെടുത്തതെന്നും കുറിപ്പിട്ടു. ഇതിനുശേഷമാണ് സംഘടന പ്രസ്താവനയുമായി എത്തിയത്. ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി സരിന്‍ ശശി ഈ പ്രസ്താവന പങ്കുവെച്ചപ്പോള്‍ പരിഹസിക്കുന്ന മോശം കമന്റുമായി ജെയിന്‍ രാജ് എത്തുകയും ചെയ്തു.

webdesk13: