X

‘ഇന്ത്യയില്‍ ആളെ കൂട്ടാന്‍ വലിയ പ്രയാസമില്ല, ജെസിബി കാണാനും ആയിരങ്ങള്‍ ഉണ്ടാകും’; പുഷ്പയെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്

കൊച്ചി: ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകർത്തുകൊണ്ട് മുന്നേറുകയാണ് അല്ലു അർജുൻ ചിത്രം ‘പുഷ്പ-2 ദ റൂൾ’. ഈ ആഴ്ച തന്നെ ചിത്രം 1000 കോടി ക്ലബിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആ​ഗോള ബോക്സ് ഓഫീസിൽ ചിത്രം 900 കോടിയുടെ അടുത്ത് നേടിയിട്ടുണ്ട്.

ഇതിനിടെ ചിത്രത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്. ചിത്രത്തിന് ആളുകൂടുന്നത് വലിയ കാര്യമൊന്നുമല്ലെന്നായിരുന്നു സിദ്ധാര്‍ഥിന്റെ പരാമര്‍ശം. നവംബറിൽ ബീഹാറിലെ പട്‌നയിൽ നടന്ന ‘പുഷ്പ-2 ദ റൂൾ’ ട്രെയിലർ ലോഞ്ച് ചടങ്ങിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഇത് ചൂണ്ടിക്കട്ടി തമിഴ് യൂട്യൂബർ മദന്‍ ഗൗരിയുമായി സംസാരിക്കുമ്പോഴായിരുന്നു സിദ്ധാർഥിന്റെ പരാമർശം.

‘അത് മാര്‍ക്കറ്റിങ്ങാണ്. ഇന്ത്യയില്‍ ആള്‍ക്കൂട്ടമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. നിര്‍മാണ ജോലിക്കായി ഒരു ജെസിബി കൊണ്ടുവന്നാല്‍പ്പോലും ആളുകൾ കൂടും. അതുകൊണ്ട് ബിഹാറില്‍ ആള്‍ക്കൂട്ടമുണ്ടാവുന്നത് വലിയ കാര്യമൊന്നുമല്ല. ഇന്ത്യയില്‍ ക്വാളിറ്റിയും ആള്‍ക്കൂട്ടവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മറിച്ചായിരുന്നെങ്കില്‍, ഇന്ത്യയില്‍ എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നു. ഞങ്ങളുടെ കാലത്ത് ബിരിയാണിക്കും ക്വാര്‍ട്ടര്‍ പാക്കറ്റ് മദ്യത്തിനും വേണ്ടിയായിരുന്നു ആള്‍ക്കൂട്ടമുണ്ടായിരുന്നത്’ എന്ന് സിദ്ധാര്‍ഥ് പറഞ്ഞു.

സിദ്ധാർഥിന്റെ ‘മിസ് യു’ എന്ന ചിത്രം ഡിസംബർ 13ന് പ്രദർശനത്തിനൊരുങ്ങുകയാണ്. അല്ലു അർജുൻ ചിത്രം പുഷ്പ-2 ദ റൂളും, മിസ്സ് യു എന്ന സിനിമയും ബോക്സോഫീസിൽ ഏറ്റുമുട്ടുന്നതിൽ പരിഭ്രാന്തനാണോ എന്ന് അടുത്തിടെ നടന്ന ഒരു പ്രസ് മീറ്റിൽ സിദ്ധാർഥിനോട് ചോദിച്ചിരുന്നു. എന്നാൽ അത് തൻ്റെ ആശങ്കയല്ല എന്നും, അല്ലു അർജുൻ്റെ സിനിമയുടെ നിർമ്മാതാക്കളാണ് വിഷമിക്കേണ്ടത് എന്നുമായിരുന്നു സിദ്ധാർത്ഥ് ആത്മവിശ്വാസത്തോടെ പ്രതികരിച്ചത്. മിസ് യു എന്ന ചിത്രത്തിലും അതിൻ്റെ വിജയസാധ്യതയിലും തനിക്ക് പൂർണ വിശ്വാസമുണ്ട് എന്നും നടൻ പറഞ്ഞു.

webdesk14: