Categories: Article

വഖഫില്‍ തൊടാന്‍ സമ്മതിക്കില്ല

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പ്രതിക്ഷാ നിര്‍ഭരവും കരിനിയമത്തിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെടുന്നതുമാണ്. കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി ഇന്നത്തേക്ക് മാറ്റിവെക്കുമ്പോള്‍ തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നിയമനിര്‍മാണത്തിന്റെ പേരില്‍ സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉത്തരംമുട്ടി നില്‍ക്കുകയും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആഞ്ഞടിക്കുകയുമായിരുന്നു. ഇന്നലെ തന്നെ ഇടക്കാല ഉത്തരവ് പറയാതിരിക്കാന്‍ സോളിസിറ്റര്‍ ജനറലിന് കോടതിക്കു മുന്നില്‍ കേണപേക്ഷിക്കേണ്ട സ്ഥിതിയിലായിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാര്‍, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്ന കേസില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമസ്ത ഉള്‍പ്പെടെ സാമുദായിക സംഘടനകളും വ്യക്തികളും അടക്കം 73 ഓളം ഹരജികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കബില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങളിലാണ് നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനോട് നിര്‍ണായക ചോദ്യങ്ങളും സംശയങ്ങളുമെല്ലാം സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. വഖഫ് ബൈയൂസര്‍ നിയമത്തിലെ ആശങ്കകളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മുസ്ലിം ലീഗിനുവേണ്ടി ഹാജരായ കബില്‍ സിബലും അഡ്വ. വി.കെ ഹാരിസ് ബീരാനും പ്രധാനമായും നിരത്തിയ വാദം പുതിയ നിയമത്തിലെ വ്യവസ്ഥകളില്‍ പലതും മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 26 ന്റെ ലംഘനമാണ് എന്ന തായിരുന്നു. വഖഫ് വിഷയങ്ങളില്‍ കലക്ടര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കുന്ന നിയമത്തിലെ വ്യവസ്ഥയെയും അദ്ദേഹം ചോദ്യം ചെയ്തു. കലക്ടര്‍ സര്‍ക്കാറിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന് ഒരു ജഡ്ജിയുടെ അവകാശാധികാരങ്ങള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം തുറന്നുകാട്ടി. വഖഫ് ബൈയൂസര്‍ വിഷയത്തില്‍ സിബല്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയം. പുതിയ വ്യവസ്ഥ പ്രകാരം 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് വഖഫ് സ്ഥാപിക്കപ്പെട്ട വസ്തുക്കളുടെ പോലും രേഖകള്‍ ഹാജരാക്കേണ്ട അവസ്ഥയാണ് ഉണ്ടാ യിത്തീരുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് വഖഫ് ബൈ യൂസര്‍ പ്രകാരം ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വഖഫ് സ്വത്തുക്കള്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യുമെന്നും അവക്ക് എന്തു രേഖകളാണ് ഉണ്ടാക്കുകയെന്നും ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചിരിക്കുകയാണ്. ഡല്‍ഹി ജുമാ മസ്ജിദ് പോലുള്ള ചരിത്രപ്രസിദ്ധമായ നിര്‍മിതികള്‍ വഖഫ് ബൈ യൂസര്‍ പ്രകാരം നിലവില്‍ വന്നതാണെന്നും പുതിയ നിയമമനുസരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡിന്റെ പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നുമുള്ള കോടതിയുടെ ചൂണ്ടിക്കാട്ടലും ഏറെ ശ്രദ്ധേയമാണ്.

വഖഫ് കൗണ്‍സിലില്‍ മുസ്ലിമേതര അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന വിഷയത്തിലും ഇടപെട്ട കോടതി എക്‌സ് ഒഫീഷ്യാ അംഗങ്ങളൊഴികെയുള്ളവരെല്ലാം ഇസ്ലാംമത വിശ്വാസികളായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഹിന്ദു എന്റോവ്മെന്റ് ബോര്‍ഡുകളില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ തയാറുണ്ടോയെന്ന സര്‍ക്കാര്‍ അഭിഭാഷകനോടുള്ള കോടതിയുടെ ചോദ്യം കേന്ദ്രത്തിന്റെ ഉദ്ദേശ ശുദ്ധിയിലുള്ള കോടതിയുടെ സംശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കോടതി നടത്തിയിട്ടുള്ള നിര്‍ണായക നിരീക്ഷണങ്ങള്‍ ഇന്നത്തെ ഇടക്കാല വിധിയെ സ്വാധീനിക്കുമെന്നു തന്നെയാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തെ ഏറെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന വഖഫ് ബൈ യൂസര്‍, വഖഫ് ബോര്‍ഡിലെ അമുസ്ലിം പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളില്‍. നീതിയും നിയമവും നോക്കു കുത്തിയാക്കി സര്‍ക്കാര്‍ നിര്‍മിച്ചിട്ടുള്ള നിയമത്തിന്റെ അസാംഗത്യത്തെ കോടതി തുറന്നുകാ ട്ടുമ്പോള്‍ നിയമപോരാട്ടത്തിന് വലിയ പ്രതീക്ഷയാണ് ലഭിക്കുന്നത്. അനധികൃതമായി വഖഫില്‍ തൊടാന്‍ ആരെയും അനുവദിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പായിരുന്നു ഇന്നലെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മഹാറാലി. അന്തിമവിധിയിലും കോടതി ഇന്നലെ നടത്തിയ നിരീക്ഷണങ്ങളുടെ പ്രതിഫലനമുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

webdesk18:
whatsapp
line