X

വ്യക്തിയുടെ സ്വകാര്യത നിരീക്ഷിക്കാനാവില്ലെന്ന് ആധാര്‍ അതോറിറ്റി

ന്യൂഡല്‍ഹി: കോടതി അനുവദിച്ചാലും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യക്തിയുടെ സ്വകാര്യത നിരീക്ഷിക്കാനാവില്ലെന്ന് ആധാര്‍ കാര്‍ഡിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ). ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിയെ പിന്തുടരാനാകില്ലെന്നും അതിനു വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കി. വ്യക്തി സ്വാതന്ത്ര്യം സംബന്ധിച്ച്, ഓണ്‍ലൈന്‍ കാലത്ത് സ്വകാര്യത എന്ന ഒന്നില്ലെന്നും യു.ഐ.ഡി.എ.ഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സ്വകാര്യത മൗലികാവകാശമാണോ എന്നതില്‍ വാദം കേള്‍ക്കുന്ന ഒമ്പതംഗ ബഞ്ചിനു മുമ്പാകെയാണ് അധാര്‍ അതോറിറ്റി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

അതിനിടെ, വ്യക്തിയുടെ വിവരസംരക്ഷണവുമായി ബന്ധപ്പെട്ട് മുന്‍ സുപ്രീം കോടതി ജഡ്ജ് ബി.എന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തില്‍ ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരടു ബില്‍ തയാറാക്കാനാണ് നിര്‍ദേശം. ജൂലൈ 31നാണ് കമ്മീഷന്‍ നിലവില്‍ വന്നതെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. കമ്മീഷന് ആവശ്യമായ വിവരങ്ങള്‍ എട്ടാഴ്ചക്കകം കൈമാറണമെന്ന് മന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, കമ്മീഷന് അനുവദിച്ച സമയത്തില്‍ വ്യക്തതയില്ല.

ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ബഞ്ചാണ് സ്വകാര്യത മൗലികാവകാശമാണോ അല്ലയോ എന്നവിഷയത്തില്‍ വാദം കേള്‍ക്കുന്നത്. സ്വകാര്യത സമ്പൂര്‍ണാര്‍ത്ഥത്തില്‍ മൗലികാവകാശം എന്നു പറയാനാവില്ല എന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. അതേസമയം, പശ്ചിമ ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് എതിരായി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
ജീവിക്കാനുള്ള അവകാശം ജീവിതനിലവാരത്തിനുള്ള അവകാശം കൂടിയാണ് എന്നാണ് കേരളത്തിന്റെ വാദം. വീട്ടിലെയും കുടുംബത്തിലെയും കാര്യങ്ങള്‍,വിവാഹം,മാതൃത്വം,ജനനം,വികാരങ്ങള്‍,പ്രണയം എന്നിവയിലുള്ള സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് കേരളം വാദിച്ചു. സ്വകാര്യ ഏജന്‍സികള്‍ വഴി വ്യക്തിവിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത് എതിര്‍പ്പെടേണ്ടതാണെന്നും കേരളം വ്യക്തമാക്കി.

chandrika: