മതവുമായി ബന്ധപ്പെട്ട മഹാവ്യക്തികളും മാനവചരിത്രത്തിലെ പ്രവാചകന്‍മാരും ആചാര്യന്‍മാരുമെല്ലാം സര്‍വരാലും ആദരിക്കപ്പെടുന്നവരാണ്. അവരെ നിന്ദിക്കുന്നതും ആക്ഷേപിക്കുന്നതും ധാര്‍മികതക്കോ സംസ്‌കാരത്തിനോ മനുഷ്യത്വത്തിന് പോലുമോ ചേര്‍ന്ന നടപടിയല്ല. നീചമായ രാഷ്ട്രീയ ദുഷ്ടലാക്കിന് വേണ്ടി മതാചാര്യന്മാരെ അപഹസിക്കുന്നവരാകട്ടെ അജ്ഞതയുടെയും സംസ്‌കാരരാഹിത്യത്തിന്റെയും പടുകുഴിയിലാണ് അകപ്പെട്ടിരിക്കുന്നത്. ലോകമാകെ മുറുകെപ്പിടിക്കുന്ന ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും അടിസ്ഥാനപരമായ ചില തത്വങ്ങളും പ്രമാണങ്ങളും മാനദണ്ഡങ്ങളുമുണ്ട്. അതില്‍ പെട്ടതാണ് സമാദരണീയരായ മതവ്യക്തിത്വങ്ങളെ ആരും അവഹേളിക്കാതിരിക്കുക എന്നത്. എന്നിട്ടും ഈ പുരോഗമനത്തിന്റെ കാലത്തും ഏറെ പ്രതിലോമപരവും പിന്തിരിപ്പനുമായ അത്തരം നടപടികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് സാമൂഹിക സ്വാസ്ഥ്യത്തിനോ മനുഷ്യരുടെ പരസ്പരബന്ധങ്ങള്‍ക്കോ ഗുണം ചെയ്യുകയില്ല. ഇത്തരം വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളാണ് അനിവാര്യമായിട്ടുള്ളത്. അതിനുപകരം ജനാധിപത്യത്തിന്റേതും മതേതരത്വത്തിന്റേതുമായ പ്രതിഷേധമുയര്‍ന്ന ജനങ്ങള്‍ക്കെതിരെ തിരിഞ്ഞ് അവരെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ നടപടികള്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ അന്യമായി ആക്ഷേപിച്ചാല്‍ പോലും അതിനെതിരെ മാനനഷ്ടത്തിന് കേസും മറ്റു നിയമനടപടികളും സ്വീകരിക്കുന്ന പ്രബുദ്ധതയുടെ കാലത്താണ് നാം ജീവിക്കുന്നത്. അപ്പോള്‍പിന്നെ ജനപദങ്ങളുടെ ഹൃദയഭാജനങ്ങളായ മഹദ്‌വ്യക്തികളെ ആക്ഷേപിക്കുന്ന നടപടിയെ എങ്ങനെയാണ് വിലയിരുത്തേണ്ടത്. ഒരു രാജ്യവും അംഗീകരിക്കാത്ത മതനിന്ദാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ചരിത്രവും പാരമ്പര്യവുമാണ് നമ്മുടെ ഇന്ത്യാ രാജ്യത്തിനുള്ളത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ തന്നെ മതവ്യക്തിത്വങ്ങളെ ആക്ഷേപിക്കുന്നതിനെതിരെ ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിച്ച ചരിത്രം നമുക്കുണ്ട്. അസഹിഷ്ണുതയും വൈരവിദ്വേഷങ്ങളും കത്തിയാളുന്ന മനസുകളില്‍ നിന്ന് മാത്രമേ പുണ്യാത്മാക്കളായ മഹാപുരുഷന്മാര്‍ക്കെതിരെ നിന്ദയുടെ വാക്കുകള്‍ ബഹിര്‍ഗമിക്കുകയുള്ളൂ. ചിലരുടെ മാനസികാസ്വാസ്ഥ്യങ്ങളും സഹതാപാര്‍ഹമായ അപകര്‍ഷതാബോധങ്ങളുമാണ് ഫാഷിസത്തിന്റെ ഇത്തരം കടുത്ത രൂപങ്ങളായി പരിണമിക്കുന്നത്. പ്രബുദ്ധമായ ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ മാനം കെടുത്താന്‍ മാത്രമേ ഇത്തരം ലജ്ജാകരമായ നീക്കങ്ങള്‍ സഹായിക്കുകയുള്ളൂ.
ആര്‍ക്കും സ്വയം ഏതറ്റംവരെയും അധ:പതിക്കാന്‍ അവകാശമുണ്ട്. പക്ഷെ, സര്‍വവിധ അധ:പതനങ്ങളില്‍ നിന്നും മനുഷ്യരാശിയെ കരകയറ്റി അവരെ വെളിച്ചത്തിലേക്ക് നയിക്കാന്‍ വന്ന ത്യാഗിവര്യന്മാരായ മാര്‍ഗദര്‍ശികളെ നിന്ദിക്കാനുള്ള അവകാശം ലോകത്ത് ഒരു നിയമസംഹിതയും ഭരണഘടനയും ആര്‍ക്കുമിന്നോളം വകവച്ചുകൊടുത്തിട്ടില്ല. ഇത്തരം അധമവും ഹീനവുമായ ആക്ഷേപങ്ങളൊന്നും ലവലേശം ബാധിക്കാത്ത മഹോന്നതവും ശ്രേഷ്ഠവുമായ ശ്രേണീപദത്തിലാണ് വിശ്വാചാര്യനും വിശ്വവിമോചകനുമായ മുഹമ്മദ് നബി (സ)യെ മാനവചരിത്രവും വിശ്വസംസ്‌കൃതിയും സര്‍വോപരി കണക്കറ്റ മനുഷ്യതലമുറകളുടെ ഹൃദയങ്ങളും കാണുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തു പോരുന്നത്. വിവിധ മത, ദേശ, ജനവിഭാഗങ്ങളില്‍പ്പെട്ട അനവധിചരിത്രകാരന്മാരും മഹാമനീഷികളും എഴുത്തുകാരും ഗ്രന്ഥകാരമാരും കവികളും കലാകാരന്മാരുമെല്ലാം അവിടുത്തെ മഹത്വം അംഗീകരിച്ചാദരിക്കുക മാത്രമല്ല, മഹത്തായ വാക്കുകളാല്‍ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. തിരുനബി (സ)യുടെ ജീവചരിത്രം വായിച്ച് രാഷ്ട്രപിതാവായ മഹാത്മാവ് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ പറഞ്ഞത്, ഇതിന്റെ പേജുകള്‍ തീര്‍ന്നു പോയല്ലോ എന്നായിരുന്നു. പരിശുദ്ധമായ പ്രവാചക (സ)ജീവിതത്തിന്റെ വായന ഒരവസാനമില്ലാതെ അതിവിപുലമായി ലോകത്ത് ഇന്നും തുടരുന്നു. ഓരോ ദിവസവും വിവിധ ഭാഷകളിലായി ഒട്ടേറെ പുസ്തകങ്ങള്‍ ഇവ്വിഷയകമായി രചിക്കപ്പെടുന്നു.
അടുത്ത കാലത്ത് പുറത്തിറങ്ങിയ ഇംഗ്ലീഷിലെ മാസ്റ്റര്‍പീസ് പ്രവാചക ജീവചരിത്രങ്ങളൊന്നും തന്നെ എഴുതിയത് മുസ്‌ലിംകളല്ല എന്നതും ശ്രദ്ധേയമാണ്. മൈക്കിള്‍ ഹാര്‍ട്ട് മുതല്‍ കാരന്‍ ആംസ്‌ട്രോങ്ങ് വരെയുള്ള പ്രമുഖരുടെ നിരയിലും ഈ പരമ്പര അവസാനിക്കുന്നില്ല. പേരിന് ഒരു മുസ്‌ലിം പോലുമില്ലാത്ത ഭാരതീയ മഹാകവികളുടെ പ്രവാചക പ്രകീര്‍ത്തന കാവ്യസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആചന്ദ്രതാരം, ആ പ്രകീര്‍ത്തനപ്രവാഹം തുടരും. വെളിച്ചത്തെ പേടിച്ചും അതില്‍ കണ്ണുമഞ്ഞളിച്ചും അവസാനം വെളിച്ചത്തോട് പോലും വെറുപ്പുള്ള മനസുകള്‍ ചന്ദ്രനെയും കല്ലെറിയാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങകലെ ഔന്നത്യത്തിന്റെ അനന്തതയില്‍ വിരാചിക്കുന്ന അമ്പിളിയെ ലക്ഷ്യമാക്കി എറിയുന്ന ഭത്സനശിലകള്‍ സ്വന്തം മസ്തകത്തില്‍ തിരിച്ചെത്തിയതല്ലാതെ മറ്റൊന്നും ലോകത്തിന്നോളം സംഭവിച്ചിട്ടില്ല.