തിരുവനന്തപുരം: നായയുമായി വീടിനു സമീപത്തുകൂടി പോയത് വിലക്കിയതില്‍ ക്ഷുഭിതനായി അയല്‍വാസിയെ നായയെ വിട്ടു കടിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ചാന്നാങ്കരയില്‍ വച്ചാണ് പ്രതി കമ്രാന്‍ സഫീറിനെ പൊലിസ് പിടികൂടിയത്. ഇയാള്‍ മൂന്ന് ദിവസമായി ഒളിവിലായിരുന്നു. കഠിനംകുളം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നാളെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
കഠിനംകുളം ചിറയ്ക്കലില്‍ സക്കീര്‍ (32) ആണ് നായ കടിച്ചത്. അതിഥി തൊഴിലാളിക്കും കടിയേറ്റിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് 4 മണിയോടെയാണ് സംഭവം സഫീര്‍ നായയുമായി വീട്ടിനു സമീപത്തുകൂടി നടക്കുമ്പോള്‍ ‘വീട്ടില്‍ ചെറിയ കുട്ടികള്‍ ഉള്ളതാണ് ,നായ്ക്കളെ സുരക്ഷിതമില്ലാതെ കൊണ്ടുപോകരുതെ’ന്നു സക്കീര്‍ വിലക്കിയിരുന്നു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ നായയുമായി സക്കീറിന്റെ വീട്ടില്‍ എത്തി കടിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് അതു വഴി പോവുകയായിരുന്ന അതിഥി തൊഴിലാളിയെയും നായ കടിച്ചു. പൊലീസില്‍ പരാതി നല്‍കിയതോടെ സക്കീറിന്റെ വീടിനു മുന്നില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ലഹരി വില്‍പന കേസില്‍ ജയിലില്‍ ആയ സഫീര്‍ ഈ അടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്.