X

ബിജെപി നേതാക്കളുടെ വിറളിപിടിച്ച പ്രസംഗങ്ങളിൽ തിരഞ്ഞെടുപ്പ് ഫലം എന്തെന്ന് വ്യക്തമാണ്; അഖിലേഷ് യാദവ്

രാജ്യത്തെ സ്വത്ത് കോണ്‍ഗ്രസ് കുടിയേറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും വിതരണം ചെയ്യുമെന്ന നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പൊതുതിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് വര്‍ഗീയ കാര്‍ഡിറക്കി വോട്ട് നേടാനാണ് ബിജെപിയും മോദിയും ശ്രമിക്കുന്നതെന്നും ജനാധിപത്യ ബോധമുള്ള ഇന്ത്യന്‍ ജനത ഇതിനെ തള്ളിക്കളയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിലേറിയാല്‍ രാജ്യത്തെ പാവപ്പെട്ട മനുഷ്യര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന റേഷന്‍ മാത്രമല്ല, പോഷക സമൃദ്ധ ഭക്ഷ്യവസ്തുക്കളും ലഭ്യമാകുമെന്നും അഖിലേഷ് പറഞ്ഞു.

അലിഗഢിലെയും ഹത്രാസിലെയും ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അഖിലേഷ് നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി എത്തിയത്. രാജ്യത്ത് ശരീഅത്ത് നിയമം നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തെയും അഖിലേഷ് വിമര്‍ശിച്ചു. ബിജെപി വര്‍ഗീയത പറയുമ്പോള്‍ നമ്മള്‍ ഭരണഘടനയെ കുറിച്ച് സംസാരിക്കും. ഭരണഘടനാ സംരക്ഷിക്കേണ്ട അടിയന്തര ഘട്ടത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍ നില്‍ക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. അലിഗഢില്‍ രണ്ടാം ഘട്ടമായ ഏപ്രില്‍ 26 നും ഹത്രസില്‍ മൂന്നാം ഘട്ടമായ മെയ് ഏഴിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദിയുടെ വിവാദ പ്രസംഗം. കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്ന മോദിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പരാമര്‍ശം.

‘അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്‌ലിംകള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?’ എന്നായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദിയുടെ പരാമര്‍ശം.

webdesk13: