X

പി.എസ്.സി മെമ്പറാക്കാൻ കോഴ, സി.പി.എം അറിവോടെയെന്ന് വ്യക്തമായി – പി.കെ ഫിറോസ്

കോഴിക്കോട് : പി.എസ്.സി മെമ്പറാക്കാൻ 60 ലക്ഷം രൂപ കോഴ ചോദിക്കുകയും 22 ലക്ഷം കൈപറ്റുകയും ചെയ്തത് സി.പി.എംൻ്റെ കോഴിക്കോട്ടെ ഉന്നത നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന് പ്രമോദിനെ പുറത്താക്കലിലൂടെ വ്യക്തമായെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ കോഴിക്കാട് മിനി ക്യാബിനറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന യൂത്ത് ലീഗിൻ്റെ ആരോപണം ശരിവെക്കുന്നതാണ് ഇന്നത്തെ സി.പി.എം ജില്ലാ കമ്മറ്റിയുടെ തീരുമാനം.

പാർട്ടിയുടെ ഏരിയാ കമ്മറ്റി അംഗവും സി.ഐ.ടി.യുവിൻ്റെ ജില്ലാ നേതാവുമായ പ്രമോദ് കോട്ടൂളിയുടെ കോഴ ഇടപാടിനെ കുറിച്ച് യൂത്ത് ലീഗ് വ്യക്തമാക്കിയപ്പോൾ സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഉൾപ്പടെയുള്ള നേതാക്കൾ ശക്തമായി നിഷേധിക്കുകയാണുണ്ടായത്. കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ചുക്കാൻ പിടിക്കുന്നത് ഈ മിനി ക്യാബിനറ്റാണ്. കോഴ നൽകിയിട്ടും പറയപ്പെട്ട പദവി ലഭിക്കാതായപ്പോൾ പൊതു സമൂഹത്തെ അറിയിക്കുമെന്ന് പണം നൽകിയ വ്യക്തി അറിയിച്ചപ്പോഴാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകിയത്. കൂടെയുള്ള പ്രമോദിനെ ഒറ്റപ്പെടുത്തി കൈ കഴുകാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിച്ചത്. അതിനാലാണ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്ന കാരണത്താൽ പ്രമോദിനെ മാത്രം പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.

മുസ്‌ലിം യൂത്ത് ലീഗ് നേരത്തേ പറഞ്ഞ മിനി ക്യാബിനറ്റിലെ വെറും ഇടനിലക്കാരൻ മാത്രമാണ് പ്രമോദ് കോട്ടൂളി. ഇവരുടെ എല്ലാ ഇടപാടുകൾക്കും നേതൃത്വം നൽകുന്ന മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കൾ ഇപ്പോഴും സുരക്ഷിതരാണ്. പ്രമോദിനെതിരെ മാത്രം നടപടിയെടുത്ത് തടി തപ്പാനുള്ള സി.പി.എം നീക്കം ഒരു തരത്തിലും അനുവദിക്കില്ല. ശക്തമായ പൊലീസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

webdesk14: