ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാൻ എംവിഎ സഖ്യകക്ഷികൾ ആഗ്രഹിക്കാത്തതിനാൽ ശിവസേന (യുബിടി) നേതാവ് ഇപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനത്തേക്ക് നോക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‍നാഥ് ഷിൻഡെ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാൻ ശിവസേന (യുബിടി) ശ്രമിച്ചുവെങ്കിലും സഖ്യകക്ഷികളായ കോൺഗ്രസിൻ്റെയും എൻസിപിയുടെയും (ശരദ് പവാർ) പിന്തുണ നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.
“സഖ്യ കക്ഷികളില്‍ നിന്ന് പിന്തുണയില്ലാതിരുന്നിട്ടും മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാനുള്ള ആഗ്രഹം താക്കറെ കൊണ്ടുനടക്കുന്നു. താക്കറെ ഒരിക്കൽ മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം കണ്ടിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിൻ്റെ സഖ്യകക്ഷികൾ പോലും അദ്ദേഹത്തെ ആ സ്ഥാനത്തിരുത്താന് ആഗ്രഹിക്കുന്നില്ല,” ജൽന ജില്ലയിലെ ഒരു പൊതുയോഗത്തിൽ ഷിൻഡെ പറഞ്ഞു. ഇപ്പോൾ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.
അദ്ദേഹത്തിന് ആശംസകൾ നേരുന്നു… ഷിൻഡെ കൂട്ടിച്ചേർത്തു. എംവിഎ സർക്കാരിനെ അട്ടിമറിച്ച 2022 ജൂലൈയിലെ തൻ്റെ നീക്കത്തെ ന്യായീകരിച്ച ഷിൻഡെ കോൺഗ്രസുമായി ചേർന്ന് താക്കറെ ശിവസേനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നും ബാൽ താക്കറെയുടെ പ്രത്യയശാസ്ത്രത്തിൽ നിന്നും വ്യതിചലിച്ചതായി ആരോപിച്ചു. “ശിവസേനയുടെ ഐഡൻ്റിറ്റി സംരക്ഷിക്കാൻ ഞാൻ എൻ്റെ മന്ത്രിസ്ഥാനം ഉപേക്ഷിച്ചു. പാവപ്പെട്ടവരെയും സാധാരണക്കാരെയും സേവിക്കുന്നതിനായി ഞങ്ങൾ ബിജെപിയുമായി ചേർന്ന് ഒരു സർക്കാർ രൂപീകരിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരിന്‍റെ ‘മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ’ധനസഹായ പദ്ധതിയെ പുകഴ്ത്തിയ ഷിൻഡെ ഈ സംരംഭം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. “ഈ പദ്ധതി നിർത്തലാക്കുമെന്ന് പറഞ്ഞ് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാല്‍ പ്രതിമാസ അലവൻസ് 1,500 രൂപയിൽ നിന്ന് 3,000 രൂപയായി വർധിപ്പിക്കും.
എൻ്റെ സഹോദരിമാർ ‘ലക്ഷപതി’ ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” ഷിന്‍ഡെ വ്യക്തമാക്കി. ജല്‍നയിലെ പൊതുയോഗത്തില്‍ വച്ച് ശിവസേന (യുബിടി) നേതാവ് ഹിക്മത്ത് ഉധാൻ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് രാജേഷ് ടോപെയോട് ഉധാൻ പരാജയപ്പെട്ടിരുന്നു.
അതേസമയം താനൊരിക്കലും മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ആളല്ലെന്നും താക്കറെ നേരത്തെ വ്യക്തമാക്കിയിരുന്നു. “ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് എംവിഎയിലെ എൻ്റെ സഹപ്രവർത്തകർ വിശ്വസിക്കുന്നുവെങ്കിൽ, ഞാൻ അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമോ എന്ന് അവർ തീരുമാനിക്കണം.
ആത്യന്തികമായി ജനങ്ങൾ തീരുമാനിക്കുമെന്നും” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എംവിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്‍റെ പേര് പ്രഖ്യാപിച്ചേക്കുമെന്നാണ് താക്കറെയുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.