X

പോലീസ് അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചിട്ടും ആഭ്യന്തര മന്ത്രി സ്ഥാനത്ത് പിണറായി വിജയന് നാണവും മാനവും ഇല്ലാതെ തുടരാന്‍ കഴിയുന്നത് അത്ഭുതം തന്നെ; കെ സുധാകരന്‍

കണ്ണൂരില്‍ മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്.കഴിഞ്ഞ ദിവസം ഒരു വിദേശ പൗരന്റെമേല്‍ കുതിര കേറിയ പിണറായി വിജയന്റെ പോലീസ് ഇന്നിതാ ഒരാളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നു. പോലീസിന്റെ ക്രൂരതകള്‍ക്ക് മാപ്പ് പറയാന്‍ മാത്രമായി ഒരു വകുപ്പുണ്ടാക്കി അതിന് മന്ത്രിയെ നിയമിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കഴിവുകെട്ട ആഭ്യന്തര മന്ത്രി കേരളത്തെ എത്തിച്ചിരിക്കുന്നത് കെ സുധാകരന്‍ കുറ്റപ്പെടുത്തി.

പോലീസ് അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചിട്ടും ആഭ്യന്തര മന്ത്രി സ്ഥാനത്ത് പിണറായി വിജയന് നാണവും മാനവും ഇല്ലാതെ തുടരാന്‍ കഴിയുന്നത് അത്ഭുതം തന്നെയാണ്. സി പി എം എന്ന പാര്‍ട്ടിയ്ക്ക്, അതിന്റെ സംസ്ഥാന സെക്രട്ടറിയ്ക്ക് ഈ മന്ത്രിസഭയില്‍ എന്തെങ്കിലും സ്വാധീനം പേരിനെങ്കിലുമുണ്ടെങ്കില്‍ പിണറായി വിജയനെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യണം.പോലീസിന്റെ അഴിഞ്ഞാട്ടം നിര്‍ത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതരാക്കരുത്,അദ്ദേഹം ഓര്‍മിപ്പിച്ചു

ട്രെയിനിലെ യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സംസ്ഥാനത്തെ പോലീസ് അക്രമം വീണ്ടും വലിയ ചര്‍ച്ചകളിലേക്ക് നയിക്കുന്നുണ്ട്.കണ്ണൂരില്‍ മാവേലി എക്‌സ്പ്രസിലാണ് കൃത്യമായി ടിക്കറ്റില്ല എന്ന് ആരോപിച്ച് എസ് ഐ യാത്രക്കാരനെ മര്‍ദ്ദിച്ചത്.. സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. എ എസ്‌ഐ പ്രമോദാണ് യാത്രക്കാരനെ മര്‍ദ്ദിച്ചത്.

സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റ് ലേക്ക് പരിശോധനയുമായി എത്തിയ പോലീസ് യാത്രക്കാരനോട് ടിക്കറ്റ് ആവശ്യപ്പെട്ടു.സ്ലീപ്പര്‍ ടിക്കറ്റ് ഇല്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളൂവെന്ന് യാത്രക്കാരന്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ടിക്കറ്റ് തിരിയുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാരനെ പോലീസ് ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും തല്ലി വീഴ്ത്തുകയുമായിരുന്നു.
പകര്‍ത്തിയ ദൃശ്യങ്ങളില്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുന്നത് വ്യക്തമാവുന്നുണ്ട്്. മര്‍ദ്ദിച്ചതിന് പുറമേ ട്രെയിന്‍ തലശ്ശേരി സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരനെ വലിച്ചിറക്കി പുറത്തിട്ട് എന്നും സഹയാത്രക്കാര്‍ പറയുന്നു.

എന്നാല്‍ താന്‍ തന്റെ ഡ്യൂട്ടി മാത്രമാണ് ചെയ്യുന്നതെന്നും യാത്രക്കാരന്‍ മദ്യലഹരിയിലായിരുന്നു എന്നുമാണ് പോലീസിന്റെ വിശദീകരണം.

Test User: