X

‘കുട്ടിയെ കണ്ടെത്താനായത് ആശ്വാസകരം, സംഘത്തെ ഉടൻ പിടികൂടണം’: കെ സുധാകരന്‍

കൊല്ലം ഓയൂരില്‍ നിന്നും കാറില്‍ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കാണാതായി 20 മണിക്കൂറിനു ശേഷം കുട്ടിയെ കണ്ടെത്തിയത് ഏറെ ആശ്വാസകരമാണ്. കേരളീയ സമൂഹത്തിന്റെ ഇടപെടലും പിന്തുണയും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകരമായി. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയ സംഘങ്ങളെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് നിര്‍ഭാഗ്യകരമാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

ഓയൂര്‍ ഭാഗത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിനു ശേഷം കൊല്ലം നഗരത്തിലെ തിരക്കേറിയ പ്രദേശത്തിന് സമീപമാണ് കുട്ടിയെ സംഘം ഉപേക്ഷിച്ചത്. ഇത്രയും ദൂരം പൊലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ഈ സംഘത്തിന് സഞ്ചരിക്കാനായതെന്നും കെ സുധാകരന്‍ ചോദിച്ചു. കേരളത്തിന്റെ മുക്കിലും മൂലയിലും എ.ഐ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വലിയ പൊലീസ് സന്നാഹവും ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് സുരക്ഷാവീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്രിമിനല്‍ സംഘത്തെ അടിയന്തരമായി കണ്ടെത്തണമെന്നും കര്‍ശനമായ നിയമ നടപടികള്‍ ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

അബിഗേല്‍ സാറയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. കൊല്ലം എആര്‍ ക്യാമ്പിലാണ് കുട്ടിയുളളത്. എ ആര്‍ ക്യാമ്പിലെത്തിയ ജില്ലാ ആശുപത്രിയില്‍ നിന്നുളള ഡോക്ടര്‍മാര്‍ അബിഗേലിനെ പരിശോധിച്ചു. കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

webdesk14: