X

‘സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ടത് വേദനിപ്പിച്ചു’; തെറ്റുതിരുത്തി അവരെ കോളേജിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നതാണ് തന്റെ ലക്ഷ്യം; മഹാരാജാസിലെ കാഴ്ച പരിമിതിയുള്ള അധ്യാപകന്‍

കൊച്ചി: ഇതുവരെയുള്ള അധ്യാപക ജീവിതത്തില്‍ അപമാനിക്കപ്പെടുന്നത് ഇതാദ്യമെന്ന് മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ അപമാനിച്ച കാഴ്ച പരിമിതനായ അധ്യാപകന്‍. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകന്‍ ഡോ. പ്രിയേഷ് സി യു ആണ് വിദ്യാര്‍ത്ഥികളാല്‍ അപമാനിക്കപ്പെട്ടത്. ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ പരിഹസിക്കുന്ന തരത്തില്‍ പെരുമാറുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും വീഡിയോ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയുമായിരുന്നു. സംഭവത്തില്‍ ആറ് പേരെ സസ്‌പെന്റ് ചെയ്തു.

വിദ്യാര്‍ത്ഥികളെ തെറ്റുതിരുത്തി തിരിച്ചുകൊണ്ടുവരണമെന്നും അധ്യാപകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ക്ലാസെടുക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ നോക്കുകയും ഷൂട്ട് ചെയ്യുകയും ചെയ്യുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നു. അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് മോശം കമ്ന്റുകള്‍ വരുന്നു. ഇതെല്ലാം തന്നെ ഏറെ വിഷമിപ്പിച്ചു. കുടുംബവും സുഹൃത്തുക്കളുമുള്ളയാളാണ് താന്‍. അതുകൊണ്ടുതന്നെ ഈ സംഭവം വളരെയേറെ വിഷമമുണ്ടാക്കി. യൂണിവേഴ്‌സിറ്റിയില്‍ ബിരുദ, ബിരുദാനന്തര പരീക്ഷയില്‍ റാങ്ക് നേടിയയാളാണ് താന്‍. സംസ്ഥാനത്തെ മികച്ച ഭിന്നശേഷി ജീവനക്കാരനായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. ഇതൊക്കെ നേടുന്നതിനിടിയിലും ചൂഷണം ചെയ്യപ്പെടുമ്പോള്‍ വേദനിക്കും. അതാണ് സംഭവത്തില്‍ പരാതി നല്‍കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ വ്യക്തിപരമായി അപമാനിച്ചതാകണമെന്നില്ല. അവര്‍ കാഴ്ച പരിമിതരുടെ ഭാഗത്തുനിന്ന് ആലോചിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കപ്പെടുന്നത് ഇത് ആദ്യത്തെ അനുഭവമാണ്. സംഭവം ഓര്‍ഗനൈസ്ഡാണെന്ന് പറയാനുള്ള തെളിവ് തന്റെ പക്കലില്ല. അധ്യാപകര്‍ വീഡിയോ ചെക്ക് ചെയ്ത് പേരെഴുതിക്കൊടുക്കുമ്പോഴാണ് ആരൊക്കെയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് അറിയുന്നതെന്നും പ്രിയേഷ് വ്യക്തമാക്കി.

പരാതി ഏതെങ്കിലുമൊരു വിദ്യാര്‍ത്ഥിക്കെതിരെയല്ല. ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനാലാണ് പരാതി നല്‍കിയത്. പരാതി കോളേജിനുള്ളില്‍ തന്നെ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് അവരെ തിരുത്താന്‍ വേണ്ടിയാണ്. അല്ലാതെ ശത്രുത തീര്‍ക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റുതിരുത്തി അവരെ കോളേജിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നതാണ് തന്റെ ലക്ഷ്യമെന്നും അധ്യാപകന്‍ പറഞ്ഞു.

 

webdesk14: