തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്കും കിടപ്പിലായവര്‍ക്കും മറ്റും സംസ്ഥാന സര്‍ക്കാര്‍ നല്‍കിവന്നിരുന്ന ആശ്വാസകിരണം പെന്‍ഷന്‍ നിലച്ചിട്ട് രണ്ടുവര്‍ഷമാകുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2012ല്‍ പ്രഖ്യാപിച്ച് നടപ്പാക്കിയ പദ്ധതിയാണ് ഇടതുസര്‍ക്കാര്‍ മുടക്കിയത്. ആദ്യം 400 രൂപ പ്രതിമാസം നല്‍കിയിരുന്ന പെന്‍ഷന്‍തുക ഇപ്പോള്‍ 600 രൂപയാണെങ്കിലും അത് വിതരണം ചെയ്തിട്ട് മാസങ്ങളായതിനാല്‍ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്.
പാവപ്പെട്ട കുടുംബങ്ങളിലെ രോഗികളും മറ്റും ഇതോടെ വലിയബുദ്ധിമുട്ടിലാണ്. കാന്‍സര്‍, പക്ഷാഘാതം, നാഡീരോഗങ്ങള്‍, ബുദ്ധിമാന്ദ്യം, മാനസികരോഗം, പൂര്‍ണമായ അന്ധതബാധിച്ചവര്‍, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ എന്നിവര്‍ക്കാണ് പെന്‍ഷന് അര്‍ഹത. രോഗികളുടെ ചെലവിനെന്ന പേരില്‍ മന്ത്രി ഡോ.എം.കെ മുനീര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ ഫ്രീസറിലാക്കിയത്.
ലക്ഷങ്ങള്‍ ഹെലികോപ്റ്ററിനും കാറിനും ചെലവാക്കുമ്പോഴാണ് പാവങ്ങളുടെ ആനുകൂല്യം മുടക്കിയിരിക്കുന്നത.് ഇതുസംബന്ധിച്ച സംഘടനകളുടെ നിരന്തരസമ്മര്‍ദമുണ്ടായിട്ടും സര്‍ക്കാര്‍ അനങ്ങുന്ന മട്ടില്ല. അവസാനമായി ആറുമാസം മുമ്പാണ് കിട്ടിയതെങ്കിലും 2020 മെയ് വരെയുള്ള വിഹിതമാണ് വിതരണം ചെയ്തത്. 2018 മുതല്‍ ഒരൊറ്റയും അപേക്ഷ സ്വീകരിക്കുന്നില്ല. മന്ത്രിമാരുടെയും മറ്റും ശമ്പളം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ കാട്ടുന്ന തിടുക്കം പാവപ്പെട്ട കിടപ്പുരോഗികളുടെ കാര്യത്തില്‍ കാട്ടാത്തത് തികഞ്ഞ അനീതിയാണെന്ന് കേരള വീല്‍ചെയര്‍ റൈറ്റ്‌സ് പ്രതിനിധി കെ.ഖാദര്‍മൊയ്തീന്‍ പറഞ്ഞു. ഒന്നേകാല്‍ ലക്ഷത്തോളം കുടുംബങ്ങളാണ് നിത്യദാന ചെലവിനുപോലും വഴിയില്ലാതെ കഷ്ടപ്പെടുന്നത്. വരുമാനപരിധിയില്‍ കടന്നവരെ ഒഴിവാക്കുന്നതിനായാണ് പദ്ധതി നിര്‍ത്തിവെച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ബുദ്ധിമാന്ദ്യം, മാനസികരോഗം, സെറിബ്രല്‍പാള്‍സി പോലുള്ള രോഗികളുടെ പരിചാരകര്‍ക്ക് വരുമാനപരിധി ബാധകമല്ലെന്നാണ് നിയമമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.