X
    Categories: indiaNews

ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ തത്സമയം കാണാം;സുപ്രീം കോടതി ലൈവ് സ്ട്രീമിങ് 27 മുതല്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാന്‍ തീരുമാനം. സെപ്റ്റംബര്‍ 27 മുതല്‍ ലൈവ് സ്ട്രീം ആരംഭിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് മീറ്റിങ്ങിലാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. ആദ്യ ഘട്ടത്തില്‍ യൂട്യൂബിലൂടെ ആകും ലൈവ് സ്ട്രീമിംഗ്.

പിന്നീട് ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നതിന് സ്വന്തമായി വെബ്കാസറ്റ് ചാനല്‍ ആരംഭിക്കും. ഭരണഘടനപരമായി പ്രാധാന്യമുള്ള കേസുകളുടെ തത്സമയ സംപ്രേക്ഷണം നടത്താന്‍ 2018 ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാനുള്ള ഫുള്‍ കോര്‍ട്ട് തീരുമാനം.

നിലവില്‍ ഗുജറാത്ത്, കര്‍ണാടക, പറ്റ്‌ന, ഒറീസ, ജാര്‍ഖണ്ഡ് ഹൈക്കോടതികള്‍ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതേ സമയം സുപ്രീം കോടതിയില്‍ പുതുതായി ജഡ്ജിമാരായി നിയമിക്കേണ്ടവരുടെ പട്ടിക തയ്യാര്‍ ആക്കാന്‍ സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയില്‍ ഉള്ള അഞ്ചംഗ കൊളീജിയം ആണ് യോഗം ചേര്‍ന്നത്. എന്നാല്‍ ശുപാര്‍ശ ചെയ്യപ്പെടേണ്ടവരുടെ പേരുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സൂചന. സുപ്രീം കോടതി ജഡ്ജിയായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ മലയാളിയായ സീനിയര്‍ അഭിഭാഷകനും ഉണ്ടെന്നാണ് സൂചന. കൊളീജിയത്തിലെ അംഗമായ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി വെള്ളിയാഴ്ച വിരമിക്കും. ഇതോടെ ജസ്റ്റിസ് കെ.എം ജോസഫ് കൊളീജിയത്തില്‍ അംഗമാകും. ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരമിച്ചതിന് ശേഷം സുപ്രീം കോടതി കൊളീജിയത്തില്‍ എത്തുന്ന മലയാളി ആണ് ജസ്റ്റിസ് കെ. എം ജോസഫ്. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥാനക്കയറ്റം, സ്ഥലം മാറ്റം എന്നിവ സംബന്ധിച്ചും കൊളീജിയം ഉടന്‍ തീരുമാനം എടുത്തേക്കും.

Test User: