X

ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഒരാണ്ട്; പുഷ്പാർച്ചന നടത്തി നിരവധി പേർ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഒരാണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയവര്‍ നിരവധി പേര്‍. സാധാരണക്കാരെ കൂടാതെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രമുഖരും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചു.

ഇന്ന് രാവിലെ 7 മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ ദിനത്തോട് അനുബന്ധിച്ച് കുര്‍ബാനയും, അദ്ദേഹത്തിന്റെ കല്ലറയില്‍ ധൂപ പ്രാര്‍ത്ഥനയും നടന്നു. അതിരാവിലെ മുതല്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് മെഴുകുതിരി പൂക്കള്‍ അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരും ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി. എംപിമാരായ ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ് അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.

പള്ളിയില്‍ നടന്ന കുര്‍ബാനയ്ക്കു ശേഷം വൈദികരുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ധൂപ പ്രാര്‍ത്ഥന നടത്തി. കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ്, അങ്കമാലി ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കുര്‍ബാനയും ധൂപ പ്രാര്‍ത്ഥനയും. ധൂപ പ്രാര്‍ത്ഥനയിലും, കുര്‍ബാനയിലും അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മയും, മക്കളായ ചാണ്ടി ഉമ്മന്‍ എംഎല്‍എ, മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍ അടക്കം നിരവധി കുടുംബാംഗങ്ങളും പങ്കെടുത്തു.

webdesk13: