X

‘എന്റെ കരങ്ങളിലാണ് അത് സംഭവിച്ചത്’; അച്ഛന്റെ മരണത്തെക്കുറിച്ച് വിരാട് കോഹ്‌ലി

ക്രിക്കറ്റ് ലോകത്ത് പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിക്കു പിതാവിന്റെ വേര്‍പ്പാട് എന്നും നൊമ്പരമാണ്. മകന്‍ ഒരു ക്രിക്കറ്റ് താരമാകണമെന്ന് ആഗ്രഹിച്ചത് കോഹ്‌ലിയുടെ അച്ഛന്‍ പ്രേം കോഹ്‌ലിയാണ്. തന്റെ ആഗ്രഹം പോലെ മകന്‍ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായപ്പോള്‍ അത് കാണാന്‍ ആ പിതാവ് സാധിച്ചില്ല. നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഡോക്യൂമെന്റിറി സീരീസ് മെഗാ ഐക്കണ്‍സിലാണ് കോഹ്‌ലി അച്ഛന്റെ മരണ നിമിഷം ഓര്‍ത്തെടുത്തത്. ‘എന്റെ കരങ്ങളിലാണ് അത് സംഭവിച്ചത്. സമയം പുലര്‍ച്ചെ മൂന്നു മണിയായിരുന്നു. രഞ്ജി ട്രോഫി മത്സരം നടക്കുന്ന സമയമായിരുന്നു. രാത്രി വൈകിയും കളി നീണ്ടിരുന്നു. ഞാന്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അടുത്ത ദിവസം രാവിലെ ബാറ്റിങ്ങിനായി എനിക്ക് പോകണം. നാലു ദിവസത്തെ രഞ്ജി ട്രോഫി ടൂര്‍ണമെന്റാണ്. അച്ഛന് സുഖമില്ലാതായപ്പോള്‍ ഡോക്ടറുടെയും അയല്‍വാസികളുടെയും സഹായത്തിന് ശ്രമിച്ചു. പക്ഷെ രാത്രിയില്‍ ആരും പ്രതികരിച്ചില്ല. ആംബുലന്‍സ് അടക്കം എല്ലാം എത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു’, കോഹ്‌ലി പറഞ്ഞു. അച്ഛന്റെ വേര്‍പാടിനു പിന്നാലെയാണ് ക്രിക്കറ്റില്‍ താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അച്ഛന്റെ സ്വപ്‌നം എത്ര കഠിനം പരിശ്രമം വേണ്ടി വന്നാലും നിറവേറ്റണമെന്ന ആഗ്രഹം മാത്രമാണ് അപ്പോഴുണ്ടായിരുന്നതെന്നും കോഹ്‌ലി പറഞ്ഞു. അച്ഛന്‍ മരിച്ചതിനാല്‍ രഞ്ജി ട്രോഫിയില്‍ ഡല്‍ഹി-കര്‍ണാടക തുടര്‍മത്സരത്തില്‍ കോഹ്‌ലി കളിക്കില്ലെന്നാണ് സഹതാരങ്ങള്‍ കരുതിയത്. എന്നാല്‍ കോഹ്‌ലി അന്ന് കളക്കളത്തിലെത്തി ഡല്‍ഹിക്കു വേണ്ടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
കോഹ്‌ലി പങ്കെടുക്കുന്ന എപ്പിസോഡ് ഇന്നു രാത്രി ഒമ്പതു മണിക്ക്് നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍ സംപ്രേക്ഷണം ചെയ്യും.

chandrika: