തിരുവനന്തപുരം: എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നിലെ അഴിമതി വിവാദമായിരിക്കെ ക്യാമറകള്‍ തന്നെ തട്ടിപ്പാണെന്ന വിവരം പുറത്തുവരുന്നു. സര്‍ക്കാര്‍ അവകാശപ്പെടുന്ന തരത്തില്‍ യാതൊരു ആര്‍ട്ടിഫിഷ്യല്‍ കഴിവും ഈ ക്യാമറകള്‍ക്ക് ഇല്ലെന്നാണ് ഐ.ടി വിദഗ്ധര്‍ പറയുന്നത്. ചില ഐ.ടി പ്രൊഫഷണലുകള്‍ ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ തുറന്നെഴുതുകയും ചെയ്തിട്ടുണ്ട്. ഈ ക്യാമറകള്‍ക്ക് സ്പീഡ് ഡിറ്റക്ട് ചെയ്യാനുള്ള കഴിവ് ഇല്ലെന്നതാണ് ഇതില്‍ പ്രധാനം. കൂടതെ ക്യാമറയിലോ, എഡ്ജിലോ പ്രത്യേകിച്ച് ഒരു എ.ഐ പ്രോസസ്സിംഗും ചെയ്യുന്നില്ല. വീഡിയോ ക്ലിപ്‌സ് സെര്‍വറിലേക്ക് മാറ്റി അവ ഇമേജ് പ്രോസസ്സിങ്ങിന്റെ സഹായത്തോടെ വ്യക്തികള്‍ വിശകലനം ചെയ്ത് പിഴ അടക്കാനുള്ള ചെല്ലാന്‍ അയക്കുന്നതാവാം പ്രോസസ്സ്. ആക്ഷനെബിള്‍ സ്റ്റാറ്റിക് ഇമേജസ് പോലുമല്ല എന്നാണ് മനസിലായതെന്ന് ഐ.ടി വിദഗ്ധര്‍ പറയുന്നു. ക്യാമറയില്‍ ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് ഐഡന്റിഫിക്കേഷന്‍ പോലും ഉണ്ടോയെന്ന് സംശയമാണ്. അതുകൊണ്ട് ഇവ സാധാരണ ഔട്‌ഡോര്‍ സെക്യൂരിറ്റിക്ക് വെക്കുന്ന വെറും ക്യാമറകള്‍ മാത്രമാവാം. എന്നാല്‍ ഈ ക്യാമറയുടെ കൂടെ ഫ്‌ളാഷ് ലൈറ്റും പല ചിത്രത്തിലും കാണുന്നുണ്ട്. ഈ ക്യാമറകളെ എ.ഐ ക്യാമറ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ തെറ്റാണെന്നും ഐ.ടി പ്രൊഫഷണലുകള്‍ പറയുന്നു. ക്യാമറ യൂണിറ്റ് സൗകര്യം പോലെ മാറ്റി സ്ഥാപിക്കാന്‍ കഴിയുന്നതാണ്.
ഓട്ടോമേറ്റഡ് പ്രോസസ്സിംഗ് ആണോ, അതോ വ്യക്തികള്‍ ഓരോ ഇമേജും ക്ലിപ്പും നോക്കി തീരുമാനം എടുക്കുകയാണോ, ഓട്ടോമേറ്റഡ് ആണെകില്‍ എന്തൊക്കെയാണ് ഓട്ടോമേറ്റഡ്, അതിന്റെ റീലിയബിലിറ്റി എന്താണ്, മെഷീന്‍ ലേര്‍ണിംഗ് ഉണ്ടെങ്കില്‍ അതിന്റെ ഡീറ്റെയില്‍സ് എന്താണ്, ഒരു ദിവസം എത്ര വയലേഷന്‍സ് പ്രൊസസ്സ് ചെയ്തു തീരുമാനം എടുക്കാന്‍ പറ്റും, എത്ര വ്യക്തികളുടെ സഹായം വേണം, ഇതില്‍ പ്രൈവറ്റ് കമ്പനി ചെയ്യുന്നത് എന്തൊക്കെയാണ്, ആരാണ് ചെല്ലാന്‍ അയക്കുന്നത്, വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങളും വിവരങ്ങളും ആരാണ് കൈകാര്യം ചെയ്യുന്നത്, ഇതിന്റെ സെര്‍വര്‍ എവിടെയാണ്, ആരാണ് പ്രൊവൈഡര്‍, ഡാറ്റാ സെക്യൂരിറ്റി, പ്രിവസി കണ്‍ട്രോള്‍സ് എന്തൊക്കെയാണ് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഈ രംഗത്തെ വിദഗ്ധര്‍ ഉന്നയിക്കുന്നത്.