X

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ പി.എ ആത്മഹത്യ ചെയ്തനിലയില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് രമേശിനെ ദൂരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശനിയാഴ്ച വീട്ടില്‍ നിന്ന് പോയ രമേഷിനെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും വിവരമുണ്ട്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന റൈഡില്‍, കഴിഞ്ഞ ദിവസം പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റൈഡ് നടക്കുമ്പോള്‍ രമേശും സംഭവ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

റെയ്ഡ് നടക്കുന്ന സന്ദര്‍ഭത്തില്‍ രമേശ് തന്നോടൊപ്പമുണ്ടായിരുന്നുവെന്നും എന്ത് കൊണ്ടാണ് അവന്‍ ആത്മഹത്യ ചെയ്തതെന്ന് അറിയില്ലെന്നും ജി.പരമേശ്വര പ്രതികരിച്ചു.
അതേസമയം മോദി സര്‍ക്കാറിന്റെ എതിരാളികളോടുള്ള പകപോക്കല്‍ രാഷ്ട്രീയമായ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനും ചോദ്യം ചെയ്യലിനുമെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കുന്നതിനൊപ്പം കോണ്‍ഗ്രസിന്റെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരെയും വേട്ടയാടുകയാണെന്ന് ഹൈക്കമാന്റ് പ്രതികരിച്ചു.

റെയ്ഡില്‍ തനിക്ക് അസ്വസ്ഥതയുണ്ടായിരുന്നെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചാല്‍ ജീവിതം അവസാനിപ്പിക്കുമെന്നും, രമേശ് സുഹൃത്തിനെ വിളിച്ച പറഞ്ഞതായി വിവരമുണ്ട്. റെയ്ഡുകളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും എന്‍.എസ്.യു.ഐയും ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ‘രാഷ്ട്രീയമായി പോരാടൂ, അന്വേഷണ ഏജന്‍സികളെ വെച്ചല്ല” എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.

chandrika: