X
    Categories: indiaNews

ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടിയുടെ ആസ്തി ആദായനികുതി വകുപ്പ് മരവിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടിയുടെ ആസ്തി ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് സ്വത്ത് മരവിപ്പിച്ചത്. രണ്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന 300 കോടിയുടെ ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തിയില്‍ ഉള്‍പ്പെടുന്നുണ്ട്.

സിരുതാവൂര്‍, കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തുവകകള്‍ സ്ഥിതി ചെയ്യുന്നത്. ശശികല, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ പേരിലാണ് ഈ ഭൂസ്വത്തുക്കളുള്ളത്. ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷന്‍ വിഭാഗം ഈ വസ്തുവകകളുടെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.

അവിഹിത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതല്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികല. അവരുടെ രണ്ട് ബന്ധുക്കളും സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. 1997ലും 2014ലും ശശികല അവിഹിത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: