X

വാക്ക്‌പോരില്‍ തുടങ്ങി കൂട്ടത്തല്ലില്‍ അവസാനിച്ചു; തിരുവനന്തപുരത്ത് കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് കൂട്ടയടി

തിരുവനന്തപുരം വള്ളക്കടവില്‍ കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് കൂട്ടയടി. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിക്ക് കാരണം. സംഭവത്തില്‍ പരാതിയുമായി ഇരു വിഭാഗവും പൊലീസിനെ സമീപിച്ചു. കൂട്ടയടിയുടെ ദൃശ്യങ്ങളും പുറത്ത് വന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്റെ വള്ളക്കടവിലുള്ള കമ്മൂണിറ്റി ഹാളില്‍ വച്ചാണ് കുടുംബശ്രീക്കാര്‍ തമ്മില്‍ തല്ലിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ചേര്‍ന്ന യോഗമാണ് അടിയില്‍ കലാശിച്ചത്. വള്ളക്കടവ് വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റിന്റെ സാമ്പത്തിക ഇടപാടുകളും കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിലെ അപാകതകളുമാണ് തര്‍ക്കത്തിന്റെ കാരണം.

യോഗത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷാജിദ നാസറിന്റെ മകള്‍ വിനിത നാസറിന്റെ നേതൃത്തില്‍ ഒരു വിഭാഗം കുടുംബശ്രീയുടെ പ്രവര്‍ത്തനത്തിന്റെ കണക്ക് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എഡി.എസ് പ്രസിഡന്റ് ഹസീന നിസാം അടക്കമുള്ള ഔദ്യോഗിക വിഭാഗം ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് വാക്ക്‌പോരായി, ഒടുവില്‍ കൂട്ടത്തല്ല്.

കൂട്ടയടിക്കിടെ വിനിത നാസറിന്റെ ഒപ്പമുണ്ടായിരുന്ന ഒരാളുടെ കുട്ടിക്കും അടിയേറ്റു. ഇതിനെതിരയാണ് ആദ്യം പൊലീസില്‍ പാരാതി ലഭിച്ചത്. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. കുടുംബശ്രീയുടെ ഔദ്യോഗിക വിഭാഗവും പരാതിയുമായി എത്തിയതോടെ പ്രാദേശിക സിപിഎം നേതൃത്വവും വിഷയത്തില്‍ ഇടപെട്ടു. വളളക്കടവിലെ സി.പിഎ.മ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം വിനിത നാസറടക്കമുള്ളവര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ടിരുന്നു.

webdesk13: