സ്ത്രീകളുടെ വിവാഹപ്രായപരിധി 21 ആക്കി ഉയര്‍ത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്ക് വിവാഹത്തിനും ഗര്‍ഭധാരണത്തിനുമെല്ലാമുള്ള ശാരീരികവും മാനസികവുമായ പക്വത കൈവരിക്കുക, നവജാത ശിശുക്കളുടെ പോഷകാഹാരക്കുറവുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ന്യായവാദങ്ങളാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലൂടെ മുന്നോട്ടു വെക്കുന്നതെങ്കിലും നിയമപരമായും വസ്തുതാ പരമായും നിലനില്‍ക്കുന്ന പ്രായോഗിക പ്രശ്‌നങ്ങളാണ് മുസ് ലിം ലീഗുള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ നിയമത്തിനെതിരായി ശക്തമായി രംഗത്തു വരാനുള്ള കാരണം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയുടെ കാര്യമാണെങ്കില്‍ അക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ എത്രത്തോളം താല്‍പ്പര്യമെടുക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ രാജ്യത്തിനു മുന്നില്‍ ഒരു ധവളപത്രം പോലെ വ്യക്തമായി കിടക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിനുള്ള ഫണ്ടുകളെല്ലാം വെട്ടിക്കുറച്ച സര്‍ക്കാര്‍ യു.പി.എ കാലത്ത് കൊണ്ടുവന്ന പ്രസവ കാലത്തേക്ക് സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന ആറായിരം രൂപയുടെ ആനുകൂല്യം അയ്യായിരം രൂപയാക്കി കുറച്ചത് ഇതിന്റെ ഉദാഹരണങ്ങളിലൊന്ന് മാത്രമാണ്. രണ്ടു പ്രസവത്തിന് എന്നത് ഒരു പ്രസവത്തിന് മാത്രമാക്കി ചുരുക്കിയതുള്‍പ്പെടെയുള്ള 13 മാനദണ്ഡങ്ങള്‍ കൊണ്ടുവരികയും അതുവഴി 23% പേരെ ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ നിന്ന് പുറത്താക്കുകയുമാണ് ചെയ്തത്.
സ്ത്രീകള്‍ക്ക് ഇണയെ തിരഞ്ഞെടുക്കാനുള്ള പക്വതയെത്താനുള്ള അവസരം നല്‍കുക എന്നതാണ് മറ്റൊരു കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ സാഹചര്യമനുസരിച്ച് കാര്യങ്ങള്‍ സ്വയം തീരുമാനിക്കാനുള്ള പ്രായപരിധിയായി ഭരണഘടന നിശ്ചയിച്ചിരിക്കുന്നത് 18 വയസാണ് എന്നതാണ് വോട്ടവകാശത്തിനും കരാറുകളിലേര്‍പ്പെടാനുള്ളതു പോലെയുള്ള കാര്യങ്ങള്‍ക്ക് 18 വയസ് നിര്‍വചിച്ചിരിക്കുന്നത്. ആ പ്രായത്തില്‍ കൂടിയുള്ളവരുടെ കൂടി വിധി നിര്‍ണയത്തിന്റെ ഫലമായിട്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മറ്റു തിരഞ്ഞെടുക്കപ്പെട്ട അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെല്ലാം തങ്ങളുടെ പദവികളിലിരിക്കുന്നത്. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ മാത്രം ഈ പ്രായപരിധി അപക്വമായിത്തീരുന്നതിലെ യുക്തി സാമാന്യ ബോധത്തിന് നിരക്കാത്തതാണ്.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള സാവകാശം നല്‍കുക എന്നതാണ് മറ്റൊരു കാരണമായി പറയുന്നത്. എന്നാല്‍ ഇക്കാര്യത്തിന് വിവാഹം ഒരു തടസമേ അല്ലെന്നു മാത്രമല്ല, ഏറ്റവും വലിയ വിരോധാഭാസം ഉന്നത പഠനത്തിന് സമയം അനുവദിച്ചു നല്‍കുന്ന സര്‍ക്കാര്‍ അതിനു വേണ്ടി എന്തു സൗകര്യം ഒരുക്കിക്കൊടുക്കുന്നു എന്നുള്ളതാണ്. താരതമ്യേന സൗകര്യങ്ങളുള്ള കേരളത്തില്‍ പോലും എസ്.എസ്.എല്‍.സി യോടെ തന്നെ പകുതിയിലധികം പേരും പരിധിക്ക് പുറത്താകുന്ന നമ്മുടെ സമ്പ്രദായത്തില്‍ പ്ലസ്.ടുവിനു ശേഷം ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം നേടാന്‍ കഴിയുന്നവര്‍ തുലോം തുഛമാണ്. ഇവിടെയെല്ലാം പ്രകടമാകുന്നത് തങ്ങളുടെ കഴിവുകേടു വിളിച്ചറിയിക്കുന്ന രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിലെ അപര്യാപ്തതകള്‍ മറച്ചുവെക്കാനുള്ള ചെപ്പടി വിദ്യകള്‍ മാത്രമായേ ഇത്തരം നീക്കങ്ങളെ കാണാന്‍ കഴിയൂ. ഇതിനെല്ലാം പുറമേ ഭരണകൂടം വിഭാവനം ചെയ്യുന്ന വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും ബി.ജെ.പി സര്‍ക്കാറിന്റെ ഏക സിവില്‍ കോഡ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലകയും ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.
മതങ്ങളും ജാതികളും ഉപജാതികളുമെല്ലാമായി കെട്ടുപിണഞ്ഞു കിടക്കുന്ന സങ്കീര്‍ണമായ സാമൂഹ്യ വ്യവസ്ഥ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഓരോരുത്തരുടേയും വിശ്വാസാചരങ്ങളെ ഭരണഘടന അഭിസംബോധന ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നതിലൂടെയാണ്. ബഹുസ്വരതയെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്ന രാജ്യത്തെ ഭരണകൂടം സ്വാഭാവികമായും വ്യക്തിസ്വാതന്ത്ര്യത്തിന്റെ കടക്കല്‍ നിരന്തരം കത്തിവെച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയായിട്ടു വേണം വിവാഹ പ്രായപരിധി 21 ആക്കി ഉര്‍ത്താനുള്ള ശ്രമത്തേയും കാണാന്‍. രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ട വിഷയത്തിലുള്ള ജനാധിപത്യ ശക്തികളുടെ ഏക സ്വരത്തിലുള്ള പ്രതികരണങ്ങള്‍ ആശാവഹമാണ്.