ഹമാസ് റോക്കറ്റാക്രമണത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതാണെന്നും ആക്രണത്തിന് ഇരകളായ നിഷ്കളങ്കരായ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.‘ഇസ്രയേലിലെ ഭീകരാക്രമണം അക്ഷാർത്ഥത്തിൽ ഞെട്ടിച്ചു. അവിടുത്തെ നിഷ്കളങ്കരായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രാർഥിക്കുന്നു. ഏറ്റവും പ്രയാസമേറിയ ഈ ഘട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചു നിൽക്കുന്നു’- മോദി കുറിച്ചു.
ഇസ്രയേല്‍-പലസ്തീൻ സംഘർഷത്തിൽ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയും രംഗത്തെത്തി ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെറ്റന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരവാദമാണെന്നും ബൈഡൻ പ്രസ്താവിച്ചു. പശ്ചിമേഷ്യയിൽ യുദ്ധത്തിന്റെ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.ഇരു ഭാഗങ്ങളിലുമായി അഞ്ഞൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.