ഐഎസ്ആര്‍ഒ വിക്ഷേപിച്ച ജിസാറ്റ് 6 എ എന്ന ഉപഗ്രഹത്തില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്ന് ഐസ്.ആര്‍.ഒ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും സിഗ്‌നല്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. വ്യാഴാഴ്ചയാണ് വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 വിക്ഷേപിച്ചത്.
ഉപഗ്രഹവുമായി ‘ലിങ്ക്’ ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഗവേഷകര്‍ അറിയിച്ചു. ഉപഗ്രഹത്തിനു പ്രവര്‍ത്തനോര്‍ജം നല്‍കുന്ന ‘പവര്‍ സിസ്റ്റത്തിനു’ തകരാര്‍ സംഭവിച്ചതായാണു സൂചന. മൂന്നാമത്തെ ലാം എന്‍ജിന്‍ വേര്‍പെടുത്തിയതിനു പിന്നാലെയായിരുന്നു ബന്ധം നഷ്ടപ്പെട്ടത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് മാര്‍ച്ച് 29 വൈകിട്ട് 4.56നാണ് ഉപഗ്രഹവും വഹിച്ച് ജിഎസ്എല്‍വി മാര്‍ക്ക് ടു കുതിച്ചുയര്‍ന്നത്. പിറ്റേന്നു രാവിലെ ആദ്യത്തെ ഭ്രമണം ഉപഗ്രഹം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 10.51ന് ക്രമീകരിച്ചിരുന്ന രണ്ടാം ഭ്രമണം ആരംഭിച്ചു നാലു മിനിറ്റിനകമായിരുന്നു ഉപഗ്രഹവുമായുള്ള സിഗ്‌നല്‍ ബന്ധം നഷ്ടപ്പെട്ടത്.
ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്‍ഡ് ഉപഗ്രഹമാണ് ജിസാറ്റ് 6 എ. ആദ്യ ഉപഗ്രഹമായ ജിസാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരുകയായിരുന്നു 6 എ യുടെ ലക്ഷ്യം. ഉപഗ്രഹാധിഷ്ഠിത മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് കൂടുതല്‍ ശേഷിയുള്ള ജിസാറ്റ് 6 എ വിക്ഷേപിക്കുന്നതിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. കൂടുതല്‍ വ്യക്തതയോടെയുള്ള സിഗ്‌നലുകള്‍ കൈമാറാന്‍ ഉപഗ്രഹത്തിനു സാധിക്കും. സൈനിക ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.