X

ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

തമോഗര്‍ത്തങ്ങളെക്കുറിച്ചടക്കം പഠിക്കുന്ന എക്‌സ്‌പോസാറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആര്‍.ഒ. പുതുവര്‍ഷത്തിലെ ആദ്യ വിക്ഷേപണമാണിത്. കേരളത്തിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ച വിസാറ്റ്, മറ്റ് 9 ചെറു ഉപകരണങ്ങള്‍ എന്നിവയും പി.എസ്.എല്‍.വിയുടെ 60-ാം വിക്ഷേപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റാണ് എക്‌സ്‌പോസാറ്റ്. തമോഗര്‍ത്തില്‍ നിന്നടക്കമുള്ള എക്‌സ്-റേ വികീരണങ്ങളെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. 50 ഓളം പ്രപഞ്ച സ്രോതസ്സുകളില്‍ നിന്നുള്ള 0.8 മുതല്‍ 15 കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് വരെയുള്ള എക്‌സ്-റേ വികീരണത്തെ, ഉപഗ്രഹത്തിന്റെ ഭാഗമായ എക്‌സ്‌പെക്ട് എന്ന ഉപകരണവും, 8 മുതല്‍ 40 കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് വരെയുള്ള വികരണത്തെ പോളിക്‌സ് എന്ന ഉപകരണവും പഠിക്കും.

ഐഎസ്ആര്‍ഒയും ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഉപഗ്രഹം രൂപകല്പന ചെയ്തത്. ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ 60 വിക്ഷേപണമാണ് ഇന്ന് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എക്‌സ്‌പോ സാറ്റിനെ നിക്ഷേപിച്ച ശേഷം, വീണ്ടും എന്‍ജിന്‍ ജ്വലിപ്പിച്ച് 350 കിലോമീറ്റര്‍ താഴ്ചയിലേക്ക് ഇറങ്ങി പോം എന്ന പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റ് പ്രോഗ്രാമും നടക്കും. വിവിധ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന സ്‌പേസ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് പോം.

 

webdesk13: