ശ്രീഹരിക്കോട്ട: ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ക്കുള്ള ഇന്ത്യയുടെ ബഹികാരാകാശ സമ്മാനമായ ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’ ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഇന്നലെ വൈകിട്ടായിരുന്നു വിക്ഷേപം. ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി–എഫ്09 റോക്കറ്റാണു ഉപഗ്രഹവിക്ഷേപണം നടത്തിയത്.
വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്‍മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപഗ്രഹ വിക്ഷേപണം ചരിത്രമുഹൂര്‍ത്തമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ബഹിരാകാശ രംഗത്തെ നേട്ടങ്ങള്‍ അയല്‍ രാഷ്ട്രങ്ങളുമായി പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. പാകിസ്താന്‍ ഒഴികെയുള്ള സാര്‍കിലെ ഏഴ് രാഷ്ട്രങ്ങളാണ് പദ്ധതിയില്‍ പങ്കാളികളായത്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാതിലൂടെ കഴിഞ്ഞ ഞായറാഴ്ചയാണ് പ്രധാനമന്ത്രി ഉപഗ്രഹം വിക്ഷേപിക്കുന്ന തിയ്യതി പുറത്തുവിട്ടത്.
ഉപഗ്രഹത്തെ കുറിച്ചുള്ള പ്രധാന വസ്തുതകള്‍;
2014ല്‍ നേപ്പാളില്‍ നടന്ന 18ാം സാര്‍ക് ഉച്ചകോടിക്കിടെ നരേന്ദ്രമോദിയാണ് സാര്‍ക് ഉപഗ്രഹം എന്ന ആശയം മുന്നോട്ടുവെച്ചത്.
മൊത്തം 235 കോടി രൂപയാണ് ചെലവ്. ഇതു മുഴുവന്‍ വഹിക്കുന്നത് ഇന്ത്യ.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ് എ്ന്നീ രാഷ്ട്രങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. അഫ്ഗാനിസ്താന്‍ വൈകാതെ ഭാഗമാകും.
2230 കിലോ ഭാരം വരുന്ന സാറ്റലൈറ്റ് മൂന്നുവര്‍ഷം കൊണ്ടാണ് നിര്‍മിച്ചത്.
ഓരോന്നിനും 36 മെഗാഹെഡ്‌സുള്ള 12 ട്രാന്‍സ്‌പോണ്ടേഴ്‌സുകളാണ് ഉള്ളത്. ഓരോ രാഷ്ട്രങ്ങള്‍ക്കും ഓരോ ട്രാന്‍സ്‌പോണ്ടറിലേക്ക് പ്രവേശനമുണ്ടാകും.
ടെലി കമ്യൂണിക്കേഷന്‍ സേവനങ്ങള്‍, ടെലി എജുക്കേഷന്‍, ടെലി മെഡിസിന്‍, ദുരന്തനിവാരണ പിന്തുണ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ആദ്യം സാര്‍ക് സാറ്റലൈറ്റ് എന്നായിരുന്നു ഉപഗ്രഹത്തിന്റെ പേര്. പാകിസ്താന്‍ പിന്മാറിയതോടെ സൗത്ത് ഏഷ്യാ സാറ്റലൈറ്റ് എന്നു പേരുമാറ്റി.
തങ്ങളുടെ രഹസ്യവിവരങ്ങള്‍ ഇന്ത്യ ചോര്‍ത്തുമോ എന്ന ആശങ്കയിലാണ് പാകിസ്താന്‍ പപിന്മാറിയത്.
അഫ്ഗാനിസ്താനും പദ്ധതിയുടെ ഭാഗമായിട്ടില്ല. എന്നാല്‍ ഒപ്പുവെക്കുന്ന മുറയ്ക്ക് അഫ്ഗാനെ ഇതിന്റെ ഭാഗമാക്കാം എന്നാണ് ഇന്ത്യയുടെ നിലപാട്.
ലങ്കന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേന, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍, മാലിദ്വീപ് പ്രസിഡണ്ട് അബ്ദുല്ല യമീന്‍, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെ, അഫ്ഗാന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി എന്നിവര്‍ ഇന്ത്യയ്ക്ക് നന്ദിയറിയിച്ചു.