X

ഐ.എസ്.ആര്‍ഒ ചാരക്കേസ്; അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്ന് പറയുമെന്ന് പത്മജ

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി നടത്തിയ വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും അവര്‍ പറഞ്ഞു.

ചാരക്കേസില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച പത്മജ കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെയോ ചട്ടുകമായിരുന്നുവെന്നും വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന അച്ഛന്‍ കരുണാകരന് മരണശേഷമെങ്കിലും നീതി ലഭിക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ് അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പിമാരായ കെ.കെ ജോഷ്വ, എസ് വിജയന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്.

നമ്പി നാരായണനെ അറസ്റ്റു ചെയ്തതെന്ന് അനാവശ്യമാണെന്ന് സുപ്രീംകോടതി വിധി പ്രസ്താവത്തിനിടെ വ്യക്തമാക്കി. അനാവശ്യമായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നും പീഡിപ്പിച്ചതാണെന്നും കണ്ടെത്തിയ കോടതി സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. മുന്‍ ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയെയാണ് കോടതി അന്വേഷണ ചുമതല നല്‍കിയത്.

chandrika: