X

‘മറിയം റഷീദ ചാരവൃത്തിക്ക് വന്നതല്ല’ നുണക്കഥകള്‍ക്കെതിരെ ചന്ദ്രികയുടെ പ്രതിരോധം

ഷരീഫ് സാഗര്‍
(Facebook Post)

ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട നുണക്കഥ ആദ്യം കൊടുത്ത പത്രം തനിനിറമാണ്. 1994 നവംബര്‍ 18. ജയചന്ദ്രനായിരുന്നു റിപ്പോര്‍ട്ടര്‍. ഇയാള്‍ പിന്നെ മംഗളത്തിലേക്ക് പോയി. ദേശാഭിമാനിയാണ് തനിനിറത്തെ പിന്തുടര്‍ന്നത്. ചന്ദ്രമോഹനായിരുന്നു റിപ്പോര്‍ട്ടര്‍. പിന്നെ മംഗളവും മനോരമയും ത്രില്ലറുകളുടെ പരമ്പര തന്നെ എഴുതി. എല്ലാം പച്ചനുണ. ”എട്ടാമന്‍ അമ്പോ ഭയങ്കരന്‍, ഒര്‍മാനിയ, മാലിക്കാരിയുടെ ബാഗില്‍ രഹസ്യരേഖകള്‍, മറിയം റഷീദ മാജിക്കും പഠിച്ചു, പ്രധാനമന്ത്രിക്കും നമ്പിയുടെ ക്ലാസ്സ്” എന്നതൊക്കെ മനോരമയുടെ തലക്കെട്ടുകളായിരുന്നു. അന്നു മനോരമക്കു വേണ്ടി മഷിയില്‍ ഉലക്ക മുക്കി കഥകളുണ്ടാക്കിയത് ജോണ്‍ മുണ്ടക്കയമാണ്. മാലിയില്‍നിന്ന് ലൈവായി എഴുതുന്ന പോലെയായിരുന്നു ജോണിന്റെ വിവരണം. ഈ സാമദ്രോഹി ഇപ്പോഴും മനോരമയിലുണ്ടെന്നാണ് അറിവ്. സുപ്രീംകോടതിയും രാജ്യമൊന്നാകെയും മാപ്പുപറഞ്ഞിട്ടും പ്രായശ്ചിത്തം ചെയ്തിട്ടും ഈ പത്രമൊക്കെ ഇപ്പോഴും ഉളുപ്പില്ലായ്മയുടെ പരകോടിയില്‍നിന്ന് നമ്പി നാരായണന്റെ കദനകഥ അടിച്ചിറക്കി വില്‍ക്കുന്നുണ്ട്.
.
.
ചന്ദ്രിക പത്രം മാത്രമാണ് അന്ന് ഈ ആക്രമണത്തെ പ്രതിരോധിച്ച് വാര്‍ത്തകള്‍ നല്‍കിയത്. ചന്ദ്രികയുടെ തിരുവനന്തപുരം റിപ്പോര്‍ട്ടറായിരുന്ന (ഇപ്പോള്‍ മലയാളം ന്യൂസ് എഡിറ്റര്‍) ടി.പി കുഞ്ഞമ്മദ് വാണിമേലാണ് ചാരക്കേസിന്റെ ചാരംമൂടിയ സത്യങ്ങള്‍ തുറന്നെഴുതിയത്. നമ്പി നാരായണനെ പിന്തുണച്ച് ചന്ദ്രിക മുഖപ്രസംഗമെഴുതിയപ്പോള്‍ ”ചാരസുന്ദരിയുടെ സമുദായ പക്ഷം” എന്നു പറഞ്ഞ് ദേശാഭിമാനി പരിഹസിച്ചു.

വാര്‍ത്ത വന്ന പത്രം നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ ചോദ്യം ഇങ്ങനെയായിരുന്നു. ”മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേല്‍ ചന്ദ്രികയില്‍ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം..…..…” ഇങ്ങിനെ കത്തികയറുന്നതിനടക്ക് ഒരു കമ്യൂണിസ്റ്റുകാരന്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ക്രൂരമായ ചോദ്യവും അന്നദ്ദേഹം ഉന്നയിച്ചു.
”മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്” എന്നായിരുന്നു ആ ചോദ്യം.

ചന്ദ്രിക പത്രത്തില്‍ ഒരു ദിവസത്തെ 8 കോളം ഒന്നാം പേജ് വാര്‍ത്ത ‘മറിയം റഷീദ ചാരവൃത്തിക്ക് വന്നതല്ല’ എന്നായിരുന്നു. പിറ്റേ ദിവസം ഇറക്കിയ ദേശാഭിമാനി യുടെ തലക്കെട്ട് ‘ചാരവൃത്തി; മുസ്ലിംലീഗിന്റെ പങ്കും അന്വേഷിക്കണം എന്ന്. എങ്ങനെയുണ്ട്? മേമ്പൊടിയായി തലേ ദിവസത്തെ ചന്ദ്രികയുടെ പത്ര കട്ടിങ്ങും.

എഴുത്തുകാരന്‍ സക്കറിയ, മാധ്യമപ്രവര്‍ത്തകരായ കെ.എം റോയ്, റഹീം മേച്ചേരി തുടങ്ങിയവര്‍ മാത്രമേ നമ്പി നാരായണനെതിരായ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. അവരൊക്കെയും അന്ന് രാജ്യദ്രോഹിക്കു വേണ്ടി സംസാരിക്കുന്നവരായി.

നമ്പി നാരായണനെ പോലെ ഫാബ്രിക്കേറ്റഡ് കേസുകളുടെ നിഴലില്‍ കഴിയുന്ന, ചെയ്ത തെറ്റ് എന്തെന്നറിയാതെ വര്‍ഷങ്ങളായി ജയിലുകളില്‍ കിടക്കുന്ന നൂറുകണക്കിന് നിരപരാധികളെ ഓര്‍ക്കുമ്പോള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയോട് വല്ലാത്ത അറപ്പു തോന്നുന്നു. നാണംകെട്ട വിചാരണക്കു വിധേയരാകുന്നതിനേക്കാള്‍ തൂക്കിക്കൊല്ലുന്നതായിരിക്കും അവരോടു ചെയ്യാവുന്ന നീതി. അപരാധികള്‍ ഏറെ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കട്ടെ.

നമ്പി നാരായണന്റെ നോവുകള്‍ക്കൊപ്പം.

ആ മഹാ മനുഷ്യനു നഷ്ടമായ വാഴ്‌വുകള്‍ക്കൊപ്പം.

മാപ്പ്…!

കെട്ടിപ്പിടിച്ച് കണ്ണീരുമ്മകള്‍….

chandrika: