കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയായിരുന്നെന്ന സിബിഐയുടെ കേസില്‍ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാര്‍, കേസിലെ ഒന്നാം പ്രതി എസ്. വിജയന്‍, രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗാദത്ത്, 11ാം പ്രതി ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി വിധി.
അടുത്ത ദിവസം വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ഇന്നു കേസ് പരിഗണിക്കുമ്പോള്‍ ഒറ്റവരിയില്‍ വിധി പ്രസ്താവം നടത്തുകയായിരുന്നു. അശോക് മേനോന്റെ അവസാന വിധിപ്രസ്താവമാണ് ഇതെന്നതും ശ്രദ്ധേയമാണ്. ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ രാജ്യാന്തര ഗൂഡാലോചനയായിരുന്നെന്നും രാജ്യാന്തര ബന്ധങ്ങള്‍ അന്വേഷിക്കുന്നതിനു പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നുമുള്ള സിബിഐ വാദം തള്ളിക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ പ്രതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇവരുടെ അറസ്റ്റ് ഇടക്കാലത്തേയ്ക്കു തടഞ്ഞിരുന്നു. അറസ്റ്റു ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജാമ്യത്തില്‍ വിടണമെന്ന നിര്‍ദേശത്തോടെയായിരുന്നു വിധി.