ഗാസയെ കുരുതിക്കളമാക്കി ഇസ്രാഈൽ ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ മരണസംഖ്യ വർദ്ധിക്കുന്നു.ഓരോ 15 മിനിറ്റിലും ഒരു ഫലസ്തീനി കുട്ടി കൊല്ലപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.ഏറ്റസും ഒടുവിൽ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അഭയം തേടിയ ആശുപത്രിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ 500 ലധികം പേരാണ് കൊല്ലപ്പെട്ടത്. കുട്ടികളാണ് ഇസ്രായീൽ ആക്രമണത്തിന് ഇരയാവുന്നവരിലെ ഏറെയും. കൈകാലുകൾ നഷ്ടപെട്ടും , മാരകമായി പൊള്ളലേറ്റും ചികിത്സ കിട്ടാതെകഴിയുന്ന കുട്ടികളുടെ എണ്ണവും ഉയരുകയാണ്. ആശുപത്രികളിൽ കഴിയുന്ന കുട്ടികളുടെ കണക്കുകളും ഞെട്ടിക്കുന്നതാണെന്ന് യു.എൻ തന്നെ പറയുന്നു.
ഗാസയിലെ ഏക വൈദ്യുതിനിലയം ഒരാഴ്ചയായി നിലച്ചിരിക്കുകയാണ്. കുട്ടികൾക്ക് കുടിവെള്ളം പോലും കിട്ടുന്നില്ലെന്നാണ് ഗാസയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.ഇസ്രാഈൽ വ്യോമസേനയുടെ തുടർ ബോംബാക്രമണങ്ങളിൽ ദുരന്തം പെയ്യുകയാണ്. മരിച്ചവരിൽ ഏറെ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരാണെന്നാണ് രക്ഷാ പ്രവർത്തകർ പറയുന്നത്.വടക്കൻ മേഖലയിൽനിന്ന് തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞുപോകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്ന സൈന്യം അവിടെയും ബോംബിടുകയാണ്.മധ്യഗാസയിൽ നാലായിരം പേരെ പാർപ്പിച്ച അഭയാർഥി ക്യാമ്പിനു നേരെയും ആക്രമണം ഉണ്ടായി.