X

സൈനിക നീക്കങ്ങൾ ശക്തമാക്കി ഇസ്രാഈൽ ; ലോകമെമ്പാടും ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ

കര-കടല്‍-വ്യോമ മാര്‍ഗ്ഗത്തിലൂടെ ത്രിതല ആക്രമണം ശക്തമാക്കാൻ ഇസ്രാഈൽ തയ്യാറെടുക്കുമ്പോൾ ലോകമെമ്പാടും ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ ശക്തിയാർജ്ജിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രാഈലിന്റെ വ്യോമാക്രമണത്തില്‍ ഗാസയില്‍ 400 പേരാണ് കൊല്ലപ്പെട്ടത്. 1500ഓളം പേര്‍ക്ക് പരിക്കേറ്റു. ഗാസ സിറ്റിയില്‍ 260 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മധ്യഗാസയിലെ ഡയര്‍ എല്‍-ബലാഹില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ബയ്ത് ലഹിയ നഗരത്തില്‍ 10 പേരും തെക്കന്‍ ഖാന്‍ യൂനിസില്‍ 20 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ ഒരാഴ്ച പിന്നിട്ട യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 2215ആയി. 8714 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 700 കുട്ടികളുമുണ്ട്.

അതേസമയം അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള വമ്പൻ രാഷ്ട്രങ്ങൾ ഇസ്രാഈലിന് പിന്നിൽ അണിനിരക്കുമ്പോഴും ജനങ്ങൾ ഗാസയിലെ ആക്രമിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പമെന്ന്‌ വ്യക്തമാക്കി ലോകമെമ്പാടും പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ ശക്തിയാർജ്ജിക്കുകയാണ്.
ഇറാഖ്‌ അടക്കമുള്ള അറബ്‌രാജ്യങ്ങളിൽ വെള്ളിയാഴ്‌ച നടന്ന പതിനായിരങ്ങൾ അണിനിരന്ന പ്രതിഷേധങ്ങൾ ശനിയാഴ്‌ച യുറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പടർന്നു.

ന്യൂയോർക്കും വാഷിങ്‌ടൺഡിസിയുമടക്കം രാജ്യത്തെ വിവിധ നഗരങ്ങളിൽ ‘സ്വതന്ത്ര പലസ്തീൻ’ മുദ്രാവാക്യമുയർത്തി വൻജനക്കൂട്ടം പ്രകടനം നടത്തി.സമാധാനനീക്കം ശക്തമാക്കാൻ ആവശ്യപ്പെട്ട്‌ ജനീവയിലെ ഐക്യരാഷ്‌ട്ര സംഘടനാ ആസ്ഥാനത്ത്‌ നിരവധിപേർ ഒത്തുചേർന്നു.വ്യാഴാഴ്ച 200 അമേരിക്കൻ കോളേജുകളിൽ പ്രതിരോധദിനം ആചരിച്ചിരുന്നു. ഇസ്രയേലിന്‌ പിന്തുണയായി പടക്കപ്പലയച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസ്‌ സ്ഥിതിചെയ്യുന്ന ഡൗണിങ്‌ സ്ട്രീറ്റിലേക്ക്‌ പതിനായിരങ്ങൾ മാർച്ച്‌ ചെയ്തു. ബിബിസി ഓഫീസിനു മുന്നിൽ ഫലസ്തീനെ അനുകൂലിച്ച്‌ വൻ ജനക്കൂട്ടം ഒത്തുചേർന്നു. സ്കോട്ട്‌ലൻഡിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ഉയർന്നതോടെ സുരക്ഷയ്ക്കായി അധിക പൊലീസിനെ വിന്യസിച്ചു.നാറ്റോ അംഗരാജ്യമായ പോളണ്ടിലെ വാർസോയിലും ഫിൻലൻഡിലെ ഹെൽസിങ്കിയിലും ജനങ്ങൾ പലസ്തീൻ പതാക പുതച്ച്‌ ഇസ്രാഈലിനെതിരെ പ്രതിഷേധിച്ചു. ജൊഹാന്നസ്‌ബർഗ്‌, ബർലിൻ, ടോക്യോ, പാരീസ്‌ എന്നിവിടങ്ങളിലും പ്രകടനങ്ങൾ നടന്നു.

webdesk15: