മോസ്‌കോ: ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം പശ്ചിമേഷ്യയെ അപകടത്തിലേക്ക് തള്ളുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ഇപ്പോഴത്തെ പ്രതിസന്ധി ഇറാന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്രാഈല്‍-ഹമാസ് യുദ്ധം വ്യാപിക്കുന്നതില്‍ ആര്‍ക്കും താല്‍പര്യമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ലാവ്‌റോവിന്റെ പ്രസ്താവന. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം വെട്ടിമാറ്റി മാനുഷിക സഹായം എത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യു.എന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് റഷ്യ വിട്ടുനിന്നിരുന്നു. പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കിയെങ്കിലും യു.എസ് വീറ്റോ ചെയ്യുകയാണുണ്ടായത്. ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ റഷ്യയുടെ പ്രതികരണം കരുതലോടെയാണെന്നതും ശ്രദ്ധേയമാണ്. അമേരിക്കയും ബ്രിട്ടനും ഇസ്രാഈലിന് നല്‍കുന്ന പരസ്യ പിന്തുണയെ റഷ്യ അപലപിച്ചിട്ടുണ്ട്. അതോടൊപ്പം പാശ്ചാത്യ ശക്തികളെപ്പോലെ ഹമാസിന് ഭീകരസംഘടനയായി പ്രഖ്യാപിക്കാനും റഷ്യ തയാറായിട്ടില്ല.
ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിനെ അംഗീകരിക്കാനാവില്ലെങ്കിലും ഗസ്സയിലെ ഇരുപത് ലക്ഷം ജനങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി പുടിന് ഉറ്റ ബന്ധമുണ്ട്. പക്ഷേ, സിറിയ ഉള്‍പ്പെടെയുള്ള വിദേശ വിഷയങ്ങളില്‍ റഷ്യയും ഇസ്രാഈലും ഇരു ധ്രുവങ്ങളിലാണ്. ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കന്‍ നയം വിനാശകരമാണെന്ന് പുടിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.