ദമസ്‌കസ്: വ്യോമാതിര്‍ത്തി ലംഘിച്ച ഇസ്രാഈല്‍ പോര്‍വിമാനത്തെ സിറിയന്‍ സേന വെടിവെച്ചു വീഴ്ത്തി. സിറിയയില്‍ ഇറാന്‍ കേന്ദ്രങ്ങളില്‍ ആക്രമണത്തിനെത്തിയ എഫ്-16 പോര്‍വിമാനമാണ് സിറിയന്‍ സേന വെടിവെച്ചു വീഴ്ത്തിയത്. വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് പൈലറ്റുമാര്‍ രണ്ടും പേരും സുരക്ഷിതമായി വടക്കന്‍ ഇസ്രാഈലില്‍ ഇറങ്ങി. നേരത്തെ അധിനിവിഷ്ട ജൂലാന്‍ കുന്നുകളിലെത്തിയ ഒരു ഇറാനിയന്‍ ഡ്രോണ്‍ ഇസ്രാഈല്‍ വെടിവെച്ചു വീഴ്ത്തിയിരുന്നു. അതിനുശേഷമാണ് ഇസ്രാഈല്‍ സിറിയയില്‍ വ്യോമാക്രമണം നടത്തിയത്.
സിറിയയില്‍ ഇസ്രാഈല്‍ മുമ്പും വ്യോമാക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിനശേഷം സിറിയ ആദ്യമായാണ് ഇസ്രാഈലിന്റെ ഒരു യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തുന്നത്. സിറിയയില്‍നിന്നുള്ള വിമാന വേധ മിസൈലാക്രമങ്ങളെത്തുടര്‍ന്ന് വടക്കന്‍ സിറിയയില്‍ അപായ സൈറണുകള്‍ മുഴങ്ങി. അതിര്‍ത്തിയില്‍ കനത്ത ഷെല്‍വര്‍ഷവും ഉണ്ടായെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇസ്രാഈലിന്റെ കടന്നാക്രമണത്തെ ഒന്നിലേറെ വിമാനങ്ങല്‍ വെടിവെച്ചു വീഴ്ത്തിക്കൊണ്ട് ചെറുത്തതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ അവകാശപ്പെട്ടു. 2006ല്‍ ലബനാനില്‍ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തില്‍ ഒരു ഇസ്രാഈല്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വനിതാ മെക്കാനിക്ക് അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ജൂലാന്‍ കുന്നിലേക്ക് ഡ്രോണ്‍ അയച്ചതിനെ തുടര്‍ന്ന് സിറിയയില്‍ ഇറാന്റെ സൈനിക ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രാഈല്‍ പറയുന്നു. ഇസ്രാഈലിന് യുദ്ധവിമാനം നഷ്ടപ്പെട്ടത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയേക്കും.
ഇറാനികളെ ആക്രമണത്തിന് അഴിച്ചുവിട്ട് സിറിയ തീകൊണ്ട് കളിക്കുകയാണെന്ന് ഇസ്രാഈല്‍ പ്രതിരോധ വക്താവ് ജൊനാഥന്‍ കോണ്‍റികസ് മുന്നറിയിപ്പുനല്‍കി. എന്നാല്‍ ഇറാന്‍ ഡ്രോണ്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന ഇസ്രാഈല്‍ ആരോപണം കളവാണെന്ന് സിറിയയുടെ സഖ്യകക്ഷികളായ ഇറാനും റഷ്യയും ഹിസ്ബുല്ലയും പറഞ്ഞു. അതിന്റെ പേരില്‍ പുതിയ കടന്നാക്രണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ മുന്നറിയിപ്പുനല്‍കി.