X

ഗസ്സയില്‍ ഇസ്രാഈല്‍ കുരുതി തുടരുന്നു

ഗസ്സ: ഫലസ്തീന്‍ അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗസ്സയില്‍ തുടരുന്ന പ്രക്ഷോഭത്തിനുനേരെ വീണ്ടും ഇസ്രാഈല്‍ വെടിവെപ്പ്. വെള്ളിയാഴ്ച ഗസ്സയുടെ അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ കുട്ടിയടക്കം നാലുപേര്‍ കൊല്ലപ്പെടുകയും 600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയില്‍ എ.എഫ്.പി ന്യൂസ് ഏജന്‍സിയുടെ ഫോട്ടാഗ്രാഫറായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ആബിദ് അല്‍ ബാബയും പരിക്കേറ്റവരില്‍ പെടും. ബാബയുടെ കാലിനാണ് വെടിയേറ്റതെന്നും ജീവന് ഭീഷണിയില്ലെന്നും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖുദ്‌റ അറിയിച്ചു. പരിക്കേറ്റ പ്രതിഷേധക്കാരന്റെ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിനിടെയാണ് വെടിയേറ്റത്. മാധ്യമപ്രവര്‍ത്തകനാണെന്ന് വ്യക്തമായിട്ടും ഇസ്രാഈല്‍ സൈനികര്‍ വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഷിറിന്‍ സലൗല്‍ എന്ന മാധ്യമപ്രവര്‍ത്തകക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രക്ഷോഭം ആരംഭിച്ച ശേഷം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട പതിനാലുകാരന്‍ ഹൈതം മുഹമ്മദ് ഖാലിദ് അല്‍ ജമാലിന്റെ വയറിനാണ് വെടിയേറ്റത്.

നിരായുധരായ പ്രതിഷേധക്കാരെ കൊന്നുതള്ളുന്നതിനെതിരെ അന്താരാഷ്ട്ര രോഷം ആളിക്കത്തുമ്പോഴും ഇസ്രാഈല്‍ കുരുതി തുടരുകയാണ്. മാര്‍ച്ച് 30ന് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ ആരംഭിച്ച ശേഷം ഇസ്രാഈല്‍ സേനയുടെ വെടിവെപ്പില്‍ 124 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 13,000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്താന്‍ നൂറുകണക്കിന് സ്‌നിപ്പര്‍മാരെയാണ് ഇസ്രാഈല്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നിരായുധനായ ഒരാളെ സ്‌നിപ്പര്‍ വെടിവെച്ചു കൊല്ലുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെയും ആരോഗ്യ പ്രവര്‍ത്തകരെയും വെടിവെച്ചുകൊലപ്പെടുത്തി യുദ്ധകുറ്റകൃത്യങ്ങള്‍ തുടരുന്ന ഇസ്രാഈലിനെതിരെ അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെട്ടു.

chandrika: