X

അഴിമതി : ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്

 

ടെല്‍അവീവ്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കേസില്‍ കുറ്റം ചുമത്താന്‍ നിര്‍ദേശിച്ച് പൊലീസ് റിപ്പോര്‍ട്ട്. രണ്ട് അഴിമതിക്കേസുകളില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറ്റോര്‍ണി ജനറലിന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. നെതന്യാഹുവിനെതിരെ നിയമ നടപടി വേണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.

രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്കു പകരം സമ്പന്നരായ ബിസിനസുകാരില്‍നിന്ന് പാരിതോഷികങ്ങള്‍ വാങ്ങിയെന്നാണ് ആദ്യ കേസ്. ഇസ്രാഈല്‍ പൗരനും ഹോളിവുഡ് നിര്‍മാതാവുമായ അര്‍നോണ്‍ മില്‍ച്ചനില്‍നിന്നും മറ്റു പ്രമുഖരില്‍നിന്നും വിലകൂടിയ ഷാംപെയിനുകളും ആഭരണങ്ങളും സിഗരറ്റുകളും വാങ്ങിയതായി പൊലീസ് കണ്ടെത്തി.

യു.എസ് വിസ സംഘടിപ്പിക്കാന്‍ സഹായിച്ചതിനാണ് അര്‍നോണ്‍ പാരിതോഷികങ്ങള്‍ നല്‍കിയത്. ഇസ്രാഈലിലെ ഒരു പ്രമുഖ പത്രത്തിനുവേണ്ടി മറ്റു പത്രങ്ങളുടെ പ്രചാരം കുറക്കാന്‍ നെതന്യാഹു ബോധപൂര്‍വം ശ്രമം നടത്തിയെന്നാണ് രണ്ടാമത്തെ കേസ്. പ്രധാനമന്ത്രി അഴിമതിയും വഞ്ചനയും വിശ്വാസ ലംഘനവും നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നെതന്യാഹു വ്യക്തമാക്കി. അധികാരത്തില്‍ തുടരുമെന്നും പൊലീസ് റിപ്പോര്‍ട്ട് ഫലം കാണാതെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നന്മക്കുവേണ്ടിയാണ് താന്‍ എല്ലാ ചെയ്തതെന്നും നെതന്യാഹു അവകാശപ്പെട്ടു. സുഹൃദ് ബന്ധത്തിന്റെ പേരില്‍ മാത്രമാണ് പരിതോഷികങ്ങള്‍ സ്വീകരിച്ചതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

chandrika: