X

പവിത്ര ആരാധനാലയമായ മസ്ജിദ് അല്‍ അഖ്സയില്‍ ഇസ്രയേലിന്റെ സൈനിക ആക്രമണം: പള്ളി പൂട്ടി; പ്രതിഷേധം ശക്തം

ഗസ്സ: ഇസ്‌ലാം മത വിശ്വാസികളുടെ പവിത്ര ആരാധനാലയമായ അല്‍ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ സൈന്യം നിരവധി പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന് നേരെ കലാപകാരികള്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞെന്ന് ആരോപിച്ചായിരുന്നു സൈന്യത്തിന്റെ നടപടി. പള്ളിയുടെ കോംമ്പൗണ്ടില്‍ കൂടി നിന്നിരുന്ന വിശ്വാസികള്‍ക്ക് നേരെ സൈന്യം ഗ്രനേഡാക്രമണം നടത്തി. പെട്ടെന്നുള്ള ആക്രമണമായതില്‍ പള്ളിയിലുണ്ടായിരുന്നു വിശ്വാസികള്‍ ഭയന്നു. പലര്‍ക്കും സൈന്യം പ്രയോഗിച്ച കണ്ണീര്‍വാതകത്തില്‍ പരിക്കേറ്റിട്ടുണ്ട്.

തീവ്രവാദികള്‍ പള്ളിയുടെ പരിസരത്ത് ഉണ്ടെന്നായിരുന്നു സൈന്യത്തിന്റെ വാദം. മുഖംമൂടി ധരിച്ച ഇവര്‍ പൊലീസിന് നേരെ സ്ഫോടക വസ്തുക്കള്‍ വലിച്ചെറിയുകയും ഇതിന് പിന്നാലെ കല്ലെറിയുകയും ചെയ്തെന്ന് സൈന്യം പറഞ്ഞു. ഇരുപതിലധികം യുവാക്കളെ സൈന്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം ആക്രമണത്തെ തുടര്‍ന്ന് പള്ളിയിലെ നിസ്‌കാരം തടസപ്പെടുകയും ചെയ്തു. സംഭവത്തില്‍ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തങ്ങളുടെ നാല് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇസ്രയേല്‍ പറഞ്ഞു.

അറസ്റ്റ് നടപടികള്‍ക്ക് ശേഷം ഇസ്രയേല്‍ അല്‍ അഖ്സ പള്ളി ഇരുമ്പ് ചങ്ങല ഉപയോഗിച്ച് അടച്ച് പൂട്ടുകയും ചെയ്തു. വിശ്വാസികള്‍ക്ക് പള്ളിയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും പള്ളി അടച്ചുപൂട്ടുകയുമായിരുന്നു. തുടര്‍ന്നാണ് പള്ളിയില്‍ റെയ്ഡ് നടത്തിയത്. ആക്രമണത്തില്‍ പള്ളിയിലെ മൂന്ന് ഗാര്‍ഡുകള്‍ ഉള്‍പ്പെടെ 15 പലസ്തീനുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം ഇസ്രയേലിന്റെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നടങ്കം ഇതില്‍ പ്രതിഷേധം അറിയിച്ചു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള ഇസ്രയേലിന്റെ നീക്കമാണിതെന്നും ജനാധിപത്യ ലംഘനമാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം.

 

വിശ്വാസികളുടെ സമ്മര്‍ദം രൂക്ഷമായതോടെ സൈന്യം അല്‍ അഖ്സ പള്ളി തുറന്നിട്ടുണ്ട്. നിരവധി പേരാണ് പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. നേരത്തെ വഖ്ഫ് അതോറിറ്റി സൈന്യം പള്ളിയിലേക്ക് ഇരച്ചു കയറുന്നതിന്റെയും വിശ്വാസികള്‍ക്ക് നേരെ ഗ്രനേഡ് ഉപയോഗിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ സൈന്യം സമ്മര്‍ദത്തിലാവുകയായിരുന്നു. ജോര്‍ദാനെ പോലുള്ള രാജ്യങ്ങളും ഇസ്രയേലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു

chandrika: