ടെല്‍അവീവ്: കിഴക്കന്‍ ജറൂസലമിനുമേല്‍ ഫലസ്തീനികള്‍ക്കുള്ള അവകാശം പൂര്‍ണമായും നിഷേധിക്കുന്ന ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. വിശുദ്ധ നഗരത്തിന്റെ ഏതെങ്കിലും ഭാഗം പുറത്തുള്ളവര്‍ക്ക് കൈമാറണമെങ്കില്‍ പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കിഴക്കന്‍ ജറൂസലമിന്റെ ഒരു തുണ്ടു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നാണ് ബില്ലിലൂടെ ഇസ്രാഈല്‍ നല്‍കുന്ന സന്ദേശം.
ജറൂസലമിലെ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ദ്വിരാഷ്ട്ര ഫോര്‍മുലക്ക് ബില്‍ കത്തിവെക്കുകയാണ്. ഇസ്രാഈല്‍ ബില്ലിനെ ഫലസതീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പി.എല്‍.ഒ) സെക്രട്ടറി ജനറല്‍ സ്വാഇബ് അരീഖാത് ശക്തമായി വിമര്‍ശിച്ചു. ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരമെന്ന പ്രതീക്ഷകളെ ബില്‍ തച്ചുകെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന് ചുവടുപിടിച്ചാണ് ഇസ്രാഈല്‍ നീക്കം. ജറൂസലമില്‍നിന്ന് ഫലസ്തീനികളെ പരമാവധി ആട്ടിപ്പുറത്താക്കാനുള്ള വ്യവസ്ഥകളും ബില്ലിലിലുണ്ട്. ഇതുപ്രകാരം ജറൂസലം മുനിസിപ്പാലിറ്റിയുടെ അധികാര പരിധിയില്‍നിന്ന് ഫലസ്തീന്‍ പ്രദേശങ്ങളെ നീക്കും.