ടെല്‍ അവീവ്: മധ്യ ഇസ്രാഈലില്‍ ആക്രമണം നടത്തി കുടിയേറ്റക്കാരനെ കൊന്നുവെന്ന് ആരോപിച്ച് ഫലസ്തീന്‍ യുവാവിന്റെ വീട് ഇസ്രാഈല്‍ സൈന്യം തകര്‍ത്തു. ഇസ്രാഈല്‍ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പട്ടണമായ ജെനിന് സമീപമുള്ള സിലാത്ത് അല്‍ഹരീതിയ ഗ്രാമത്തിലാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണമുണ്ടായത്. കഴിഞ്ഞ ഡിസംബറില്‍ വൈല്‍ഡ് ക്യാറ്റ് സെറ്റില്‍മെന്റ് ഔട്ട്‌പോസ്റ്റില്‍ ആക്രമണം നടത്തി കുടിയേറ്റക്കാരനായ ഇസ്രാഈലിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഒമര്‍ ജറാദത്ത് എന്ന യുവാവിന്റെ വീടാണ് തകര്‍ത്തത്.
സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് സൈനികര്‍ വീട് തകര്‍ത്തതെന്ന് ഇസ്രാഈല്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് സൈനികര്‍ക്കെതിരെ ശക്തമായ പ്രതിഷേധവും തിരിച്ചടിയും ഫലസ്തീനികള്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഫലസ്തീന്‍ യുവാക്കള്‍ കല്ലേറു ശക്തമാക്കിയപ്പോള്‍ ഇസ്രാഈല്‍ സൈന്യം ഗ്രനേഡ് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് തിരിച്ച് ആക്രമണം നടത്തുകയും ചെയ്തു. മൂന്ന് ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു.
ബഹുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ജറാദിന്റെ അപ്പാര്‍ട്ട്‌മെന്റ്. കുടുംബം വീട് ഒഴിയാമെന്ന് പറഞ്ഞെങ്കിലും സൈന്യം കെട്ടിടം മൊത്തം തകര്‍ക്കുകയായിരുന്നു. ജറാദ് നല്‍കിയ അപ്പീലുകള്‍ ഇസ്രാഈല്‍ കോടതി നിരസിച്ചതോടെയാണ് സൈന്യം വീട് തകര്‍ത്തത്.