ജറൂസലം: ഗസ്സയുടെ അതിര്‍ത്തിയില്‍ സമാധാനപരമായി പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 950ലേറെ പേര്‍ക്ക് പരിക്കേറ്റു.
അഭയാര്‍ത്ഥികളെ തിരികെ വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീനികള്‍ നടത്തുന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി അഞ്ചാമത്തെ ആഴ്ചയും ആയിരക്കണക്കിന് സൈനികര്‍ ഗസ്സ അതിര്‍ത്തിയില്‍ തടിച്ചുകൂടി.
ബലപ്രയോഗം പാടില്ലെന്ന യു.എന്‍ മനുഷ്യാവകാശ മേധാവിയുടെ അഭ്യര്‍ത്ഥന ഉണ്ടായിട്ടും രക്തദാഹം തീരാതെ ഇസ്രാഈല്‍ സേന കുരുതി തുടരുകയാണ്. അസ്സാം ഹിലാല്‍ എന്ന പതിനഞ്ചുകാരനും കൊല്ലപ്പെട്ടവരില്‍ പെടും ഹിലാലിന്റെ തലക്കാണ് വെടിയേറ്റത്. മാര്‍ച്ച് 30ന് പ്രക്ഷോഭം തുടങ്ങിയ ശേഷം ഇസ്രാഈല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. ആറായിരിത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മുന്‍ ആഴ്ചകളെ അപേക്ഷിച്ച് വന്‍ ജനക്കൂട്ടമാണ് കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെത്തിയത്. മെഡിക്കല്‍ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പരിക്കേറ്റവരില്‍ പെടും. അല്‍ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിന് കിഴക്ക് ഇസ്രാഈല്‍ വെടിവെപ്പിനെ തുടര്‍ന്ന് അജ്ഞാതവാതകം ശ്വസിച്ച് നിരവധി പേര്‍ക്ക് ശ്വാസതടം സം അനുഭവപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖിദ്‌റ പറഞ്ഞു.
അതിര്‍ത്തിയില്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന ഫലസ്തീനികളെ സായുധമായി നേരിടുന്ന ഇസ്രാഈലിനെതിര ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരുടെ ഭാഗത്ത് പരമാവധി ആളപായവും പരിക്കും ഉണ്ടാക്കുന്നതിന് മാരകമായ ആയുധങ്ങളാണ് ഇസ്രാഈല്‍ സേന ഉപയോഗിക്കുന്നതെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വീടും നാടും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായവരെ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം.
പക്ഷെ, ഇസ്രാഈല്‍ ഈ ആവശ്യം തള്ളിയിട്ടുണ്ട്. നഖ്ബ ദിനമായ മെയ് 15 വരെ പ്രക്ഷോഭം തുടരാനാണ് ഫലസ്തീനികളുടെ തീരുമാനം.
ഇസ്രാഈല്‍ അധിനിവേശത്തിനു മുന്നില്‍ ഇനിയൊരു മാര്‍ഗം ഇല്ലെന്നിരിക്കെ നിശ്ചിത തിയ്യതിക്കുശേഷവും പ്രക്ഷോഭം തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഗസ്സയില്‍ വീണ്ടും ഇസ്രാഈല്‍ കൂട്ടക്കുരുതി; നാല് മരണം
Tags: palastene