X

ഭക്ഷണത്തിനായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രാഈൽ സേനയുടെ വെടിവെപ്പ്; 104 പേർ കൊല്ലപ്പെട്ടു

ഭക്ഷണത്തിനായി കാത്ത് നില്‍ക്കുകയായിരുന്ന ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രാഈലി സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 104 പേര്‍. ഗസ നഗരത്തിലെ അല്‍ റഷീദ് തെരുവിലാണ് സംഭവം.

സംഭവത്തെ കൂട്ടക്കൊലയെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചു. പ്രദേശത്തേക്കുള്ള സഹായങ്ങള്‍ പൂര്‍ണമായും ഇസ്രാഈലി സേന റദ്ദാക്കിയതിനെ തുടര്‍ന്ന് ആഹാരത്തിനായി ഒരുമിച്ചു കൂടിയതായിരുന്നു ഗസ നഗരത്തിലെ നിവാസികള്‍.

സംഭവസ്ഥലത്ത് എത്തിയപ്പോള്‍ നൂറോളം മൃതദേഹങ്ങള്‍ നിലത്ത് കിടക്കുന്നതാണ് കണ്ടതെന്ന് കമാല്‍ അദ്വാന്‍ ആശുപത്രിയിലെ ആംബുലസ് സര്‍വീസിന്റെ അധ്യക്ഷന്‍ ഫാരിസ് അഫന പറഞ്ഞു. പരിക്കേറ്റവരെയും മരണപ്പെട്ടവരെയും മുഴുവന്‍ ആശുപത്രിയില്‍ എത്തിക്കുവാന്‍ മതിയായ ആംബുലന്‍സുകള്‍ ഇല്ലാത്തതിനാല്‍ പലരെയും കഴുത വണ്ടികളിലാണ് കൊണ്ടുപോയത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിതരണം ചെയ്യാന്‍ എത്തിച്ച സാധനങ്ങള്‍ തട്ടിപ്പറിക്കാന്‍ ട്രക്കുകള്‍ക്ക് ചുറ്റും കൂടിയതിനെ തുടര്‍ന്ന് ഉന്തലിലും തള്ളലിലും ട്രക്കുകള്‍ കയറിയിറങ്ങിയുമാണ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതെന്നാണ് ഇസ്രാഈല്‍ സേനയുടെ വാദം. ട്രക്കുകള്‍ക്ക് ചുറ്റും ഫലസ്തീനികള്‍ കൂട്ടം കൂടുന്നതിന്റെ ഏരിയല്‍ ഫൂട്ടേജും അവര്‍ പുറത്തുവിട്ടു.

എന്നാല്‍ വീഡിയോ ഫൂട്ടേജില്‍ വെടിയുതിര്‍ക്കുന്നത് വളരെ വ്യക്തമാണ്. സേന ഫലസ്തീനികള്‍ക്കെതിരെ വെടിവെച്ചുവെന്നും കൂട്ടംകൂടി നിന്ന് ജനങ്ങള്‍ ഒരു ഭീഷണിയാണെന്ന് സൈനികര്‍ക്ക് തോന്നിയെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് ഇസ്രഈല്‍ വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ചിരുന്നു.

 

webdesk13: