കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ സേനയുടെ അതിക്രമം. പ്രഭാത പ്രാര്‍ത്ഥനക്കിടെ അതിക്രമിച്ച് കയറി സേന ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പള്ളിയില്‍ കയറി ഗ്രനേഡുകളും കണ്ണീര്‍ വാതകങ്ങളും ഉപയോഗിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 67 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ സൈന്യം പള്ളിയിലേക്ക് അതിക്രമിച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ ആക്രമണം ഇതേ ദിവസങ്ങളില്‍ ഉണ്ടായിരുന്നു.
അതേസമയം ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ ആക്രണം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യ ഭീതിയില്‍. റമസാനില്‍ ഫലസ്തീനികള്‍ക്കുനേരെ തുടരുന്ന ആക്രമണം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങിയേക്കുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. വലിയൊരു പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
കഴിഞ്ഞ റമസാനില്‍ ജറൂസലമില്‍നിന്ന് ഫലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളാണ് 11 ദിവസം നീണ്ട വ്യോമാക്രമണത്തില്‍ കലാശിച്ചത്. ഇത്തവണ ഇസ്രാഈല്‍ വീണ്ടും സംഘര്‍ഷം ആളിക്കത്തിക്കുമ്പോള്‍ 66 കുട്ടികളടക്കം 253 പേര്‍ കൊല്ലപ്പെട്ട പഴയ ആക്രമണത്തിന്റെ ഭീതിതമായ ഓര്‍മകള്‍ തിരിച്ചെത്തുകയാണ്. മാര്‍ച്ച് 22ന് ശേഷം ഇസ്രാഈലില്‍ വ്യത്യസ്ത ആക്രണങ്ങളിലായി 14 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ സേനയുടെ വെടിയേറ്റ് സ്ത്രീകളടക്കം നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച ഫലസ്തീന്‍ അതോറിറ്റി അഭിഭാഷകനും പതിനാലുകാരനും കൊല്ലപ്പെട്ടിരുന്നു. ജനുവരി മുതല്‍ 36 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെയും ഫതഹ് പാര്‍ട്ടിയുടെയും ശക്തി കേന്ദ്രമായ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ സേന നടത്തുന്ന റെയ്ഡുകള്‍ തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്നാണ് മേഖല ഭയക്കുന്നത്.
ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്ലാമിക് ജിഹാദ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രാഈല്‍ കുടിയേറ്റക്കാരുടെ കടന്നാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ നോക്കിനില്‍ക്കില്ലെന്ന് ഹമാസ് വക്താവ് ഹസം ഖാസിം വ്യക്തമാക്കി. കിഴക്കന്‍ ജറൂസലമില്‍ ഇസ്രാഈല്‍ സേന രാത്രി നടത്തുന്ന റെയ്ഡുകളും അറസ്റ്റുകളും സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. നിയന്ത്രണങ്ങളുണ്ടായിട്ടും മസ്ജിദുല്‍ അഖ്സയിലേക്ക് ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ അതിക്രമിച്ചു കടക്കുന്നുണ്ട്.