X
    Categories: Newsworld

ഇസ്രാഈല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി;ഭരണത്തില്‍ കണ്ണ് നട്ട് നെതന്യാഹു

ടെല്‍അവീവ്: രാഷ്ട്രീയ പ്രതിസന്ധിയില്‍ ആടിയുലയുന്ന ഇസ്രാഈലില്‍ നാല് വര്‍ഷത്തിനിടെ അഞ്ചാമത്തെ തിരഞ്ഞെടുപ്പും നടന്നു. മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യന്യാഹുവിന്റെ തിരിച്ചുവരവിന് കളമൊരുക്കിയേക്കുമെന്ന് പറയപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലം പശ്ചിമേഷ്യ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. പക്ഷെ, മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വിജയം ഉറപ്പാണെന്ന് ജറൂസലമില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം നെതന്യാഹു പറഞ്ഞു.

ഫലസ്തീനികളോട് കടുത്ത വിദ്വേഷമുള്ള ജൂത തീവ്രവാദി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അവസരം കാത്തിരിക്കുന്നുവെന്നതാണ് തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. നെതന്യാഹുവിനെ ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഇസ്രാഈലിലെ എട്ട് പാര്‍ട്ടികള്‍ തട്ടിക്കൂട്ടിയ സഖ്യസര്‍ക്കാര്‍ പൊളിഞ്ഞതോടെയാണ് രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് അനിവാര്യമായത്. ജൂണില്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പാര്‍ലമെന്റ് പിരിച്ചുവിടുകയും വിദേശകാര്യ മന്ത്രി യേര്‍ ലാപിഡ് കാവല്‍ പ്രധാനമന്ത്രിയാവുകയും ചെയ്തു.സഖ്യത്തില്‍നിന്ന് ചില അംഗങ്ങള്‍ രാജിവെച്ചതോടെ തന്നെ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.

Test User: