X
    Categories: Newsworld

ക്രിസ്ത്യാനിയാണെന്ന് വിചാരിച്ച് ജൂത സ്ത്രീയെ ആക്രമിച്ച് ഇസ്രാഈലി പൗരന്‍

ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് ജൂത സ്ത്രീയെ ആക്രമിച്ച് ഇസ്രാഈലി പൗരന്‍. കിഴക്കന്‍ ജെറുസലേമിലാണ് സംഭവം നടന്നത്. അക്രമി 70 വയസുള്ള ജൂത സ്ത്രീയുടെ വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് കോടാലി ഉപയോഗിച്ച് അവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 70കാരിയെ ഷാരെ സെഡെക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നതായി ഇസ്രാഈലി പത്രപ്രവര്‍ത്തകന്‍ യോസി എലി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനിരയായ ഇരയായ ജൂത ഇസ്രഈല്‍ സ്ത്രീ അപകടനില തരണം ചെയ്തു. ഇവര്‍ ക്രിസ്ത്യാനി ആണെന്ന് സംശയിച്ചാണ് ഇസ്രാഈല്‍ പൗരന്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ക്രിസ്ത്യന്‍ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി. ഗുരുതര പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ തുടരുകയാണ്.

സമീപ വര്‍ഷങ്ങളില്‍ വൈദികരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ ജെറുസലേമില്‍ വര്‍ധിച്ചിട്ടുണ്ട്. ഇസ്രാഈലികള്‍ പുരോഹിതര്‍ക്ക് നേരെ തുപ്പുകയും അധിക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്യാറുണ്ട്. കൂടാതെ ഇസ്രാഈല്‍ പൊലീസ് ഇതിന് പിന്തുണ നല്‍കുന്നുവെന്ന അധിക്ഷേപവും ഉയരുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഫലസ്തീനികളെന്നു തെറ്റിദ്ധരിച്ച് രണ്ട് ഇസ്രാഈലികള്‍ക്കു നേരെ യുവാവ് വെടിയുതിര്‍ത്തിരുന്നു. ഇസ്രാഈലില്‍നിന്ന് വിനോദ സഞ്ചാരികളായി എത്തിയ അച്ഛനും മകനും നേരെ മയാമി ബീച്ചില്‍ വച്ച് 17 തവണ വെടിവെച്ച മൊര്‍ദെചായ് ബ്രാഫ്മാന്‍ (27) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂതമത വിശ്വാസിയായ പ്രതി, ഫലസ്തീനികളെന്നു തെറ്റിദ്ധരിച്ചാണ് ഇസ്രാഈയേലി പൗരന്മാര്‍ക്കു നേരെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.

തന്റെ ട്രക്ക് ഓടിച്ചു വരുന്നതിനിടെ ബ്രാഫ്മാന്‍ മയാമി ബീച്ചിനു സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന വിദേശികള്‍ക്കു നേരെ സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ‘രണ്ട്’ ഫലസ്തീനികളെ കണ്ടപ്പോള്‍ അവരെ വെടിവെച്ചു കൊന്നു’ എന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

എന്നാല്‍, ഒരാള്‍ക്ക് ഇടതുചുമലില്‍ വെടിയേല്‍ക്കുകയും മറ്റൊരാളുടെ ഇടതു കൈപ്പത്തിയിലൂടെ വെടിയുണ്ട തുളച്ചു കയറുകയുമാണ് ചെയ്തതെന്നും ഇവരുടെ ജീവന് അപായമില്ലെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

webdesk13: